തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു.മൂന്ന് പേരെ കണ്ടെത്താനായില്ല. വർക്കല ചിലക്കൂർ അക്കരവിള വീട്ടിൽ ഷാനവാസ് (58) ,വർക്കല വിളഭാഗം വിളയിൽ വീട്ടിൽ നിസ്സാമുദ്ദീൻ (65 ) എന്നിവരാണ് മരണപ്പെട്ടത്. വർക്കല സ്വദേശികളായ മുസ്തഫ, ഉസ്മാൻ, സമദ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. 23 പേരുമായി വന്ന സഫ മർവ എന്ന വള്ളം മുതലപ്പൊഴി അഴിമുഖത്തിന് സമീപം ശക്തമായ കാറ്റിലും തിരയിലും പ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 9 പേർ നീന്തി കയറുകയും 11 പേരെ പ്രദേശത്തെ മത്സ്യതൊഴിലാളികളും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി, ആശുപത്രിയിലേക്ക് മാറ്റി. ഷാനവാസിനെയും നിസ്സാമുദ്ദീനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞുമോൻ, നവാസ്, ഷൈജു, ഇബ്രാഹീം, നസ്സിം, യൂസഫ്, അഹദ്, റഷീദ് ഷാജഹാൻ എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഹാർ,ജവാദ്,സഹീർ,സൗമീർ,ഷെഫീഖ്,സഹീർ,അജ്മീർ,സുൽത്താൻ,ഷെഹ് രി എന്നിവർ കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു..
കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താൻ കോസ്റ്റൽ പോലീസ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് മത്സ്യതൊഴിലാളികൾ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
തുടർന്ന് വൈകുന്നേരതോടെ
കോസ്റ്റ് ഗാർഡ്, നേവി എന്നിവയുമായി സർക്കാർ ബന്ധപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ തെരച്ചിൽ നടത്തി. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും ഹെലികോപ്റ്റർ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം ടേക്ക് ഓഫ് ചെയ്യാനായില്ല
നേവിയുടെ തീര നിരീക്ഷണക്കപ്പൽ കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. അത് ഇന്ന് രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷ. മോശം കാലാവസ്ഥ കാരണം രാത്രിയിലെ തിരച്ചിൽ നിർത്തിയിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് നാളെ രാവിലെ വ്യോമമാർഗേനയുള്ള ശ്രമങ്ങളും ആരംഭിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു
