വക്കം റൂറൽ ഹെൽത്ത് സെന്റർ എഎംഒ യെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഡിസംബർ ഒന്ന് മുതൽ ഒപി ടിക്കറ്റിന് ഇരട്ടി ചാർജ് ഈടാക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഎംഒ യെ ഉപരോധിച്ചത്.
കയർ, മത്സ്യ , തൊഴിലുറപ്പ് തോഴിലാളികൾ ഏറെയുള്ള ഇവിടെ സാധാരണക്കാരുടെ ആശ്രയമായ ഹെൽത്ത് സെന്ററിൽ ഒപി ടിക്കറ്റിന് 5 രൂപയിൽ നിന്നും 10 രൂപയാക്കി വർദ്ധിപ്പിക്കാൻ കഴി ദിവസം ചേർന്ന എച്ച്എംസി യോഗം തിരുമാനിക്കുകയായിരുന്നു. ഇത് സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. മണ്ഡലം പ്രസിഡന്റ് എൻ ബിഷ്ണു, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുൺ, ലാലിജാ , അംഗങ്ങളായ ഫൈസൽ, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
കടയ്ക്കാവൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടനടി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു കൂട്ടി നിരക്ക് വർദ്ധന പുന:പരിശോധിക്കാമെന്ന എഎംഒ യുടെ ഉറപ്പിൽ ഉപരോധ സമരം പിൻവലിക്കുകയായിരുന്നു. നിരക്ക് വർദ്ധന പിൻവലിച്ചില്ലങ്കിൽ ഉപവാസം അടക്കമുള്ള സമരങ്ങളുമായി രംഗത്ത് വരുമെന്ന് എൻ ബിഷ്ണു അറിയിച്ചു.
