കഠിനംകുളം : വീടിന് മുന്നിൽ നിന്നും മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കളെ മദ്യപസംഘം കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ കഠിനംകുളം പോലീസ് അറസ്റ്റു ചെയ്തു. കഠിനംകുളം മര്യനാട് ആർത്തിയിൽ പുരയിടം ശരണ്യ ഹൗസിൽ സുധീഷ് (22) , കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷിബിൻ (28) എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഠിനംകുളം സ്വദേശികളായ രതീഷ്, സുഹൃത്ത് ബിനു എന്നിവരെയാണ് പ്രതികൾ അക്രമിച്ചത്. രതീഷിൻ്റെ വീടിന് മുൻപിൽ ഇരുന്ന് ഷിബിൻ മദ്യപിച്ചത് രതീഷും ബിനുവും ചേർന്ന് പറഞ്ഞ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഷിബിൻ സുഹൃത്ത് സുധീഷിനെ വിളിച്ച് വരുത്തി ഇരുവരും ചേർന്ന് രതീഷ്, ബിനു എന്നിവരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ബിനുവിൻ്റെ നെഞ്ചിലും രതീഷിൻ്റെ കൈയിലും ഇടുപ്പിലുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനംകുളം സ്റ്റേഷനിൽ സുധീഷിനെതിരെ നരഹത്യ, അടിപിടി കേസുകൾ നിലവിലുണ്ട് . കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
