തിരുവനന്തപുരം: കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ സിഐക്കെതിരെ കുറ്റപത്രം. കോഴിക്കോട് ക്രൈംബ്രാഞ്ച് സിഐ സിബി തോമസിനെതിരെയാണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് കുറ്റപത്രം നൽകിയത്. വീട്ടിൽ മോഷണം നടത്തിയതിന് പിന്നിൽ സിബി തോമസ് ആണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ എസ്ഐ തുടരുന്നതിനിടെയാണ് സിബി തോമസ് കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയത്. പേരൂർക്കട രാമസ്വാമി എന്നയാളുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീട്ടിൽ നിന്നും 56 പവൻ സ്വർണവും എഴുപതിനായിരത്തോളം രൂപയും നഷ്ടമായെന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. വീടിന് സുരക്ഷ നൽകാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് മോഷണം നടത്തിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. പരാതി സ്വീകരിച്ച പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ മോഷണത്തിന് പിന്നിൽ സിബി തോമസ് ആണെന്ന് കണ്ടെത്തുകയും ചെയ്തു.
