പെരുമാതുറ : മത്സ്യതൊഴിലാളികളുടെ മരണപ്പൊഴിയായി മാറുന്ന പെരുമാതുറ മുതലപ്പൊഴി തുറമുഖ പ്രദേശത്തെ അപകട കാരണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘം മുതലപൊഴി സന്ദർശിച്ചു.പുന്നെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരാണ് വ്യാഴാഴ്ച രാവിലെയോടെ മുതലപൊഴി സന്ദർശിച്ചത്.
സി.ഡബ്ലൂ. പി. ആർ.എസിലെ
ഡോ. ജെ.സിൻഹ, ബി.ആർ.റിയാടേ –
ഡോ.എ.കെ.സിംഗ് എന്നിവരും ഇവർക്കൊപ്പം ഹാർബർ വകുപ്പ് ചീഫ് ഇഞ്ചിനിയർ ജോമോൻ കെ.ജോർജ്, ഡെപ്യൂട്ടി ചീഫ് ഇഞ്ചിനിയർ റ്റി.വി.ബാലചന്ദ്രൻ ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഇഞ്ചിയർമാരായ ബീഗം അമീന – വിപിൻ. വി, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ വിനീത് പ്രദേശത്തെ ജനപ്രതിനിധികളും ഉണ്ടായിരുന്നു.
മുതലപ്പൊഴി പാലത്തിന് മുകളിലെത്തിയ സംഘം ഇരുവശത്തെയും പുലിമുട്ടുകളുടെ ഘടനയും മറ്റും നോക്കി കണ്ടു തുടർന്ന് താഴംപള്ളി ഭാഗത്തെ പുലിമുട്ട് ഭാഗത്ത് എത്തി അഴിമുഖപ്രദേശങ്ങൾ നോക്കി കാണുകയും കാര്യങ്ങൾ ഹാർബർ ഉദ്യാഗസ്ഥരോട് ചോദിച്ച് അറിയുകയും ചെയ്തു.മുതലപൊഴി അഴിമുഖത്തെ അഴക്കുറവും പുലിമുട്ടുകൾക്കിടയിലെ വീതിയുമാണ് സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.
താഴം പള്ളി ഭാഗത്തെ പുലിമുട്ട് പൊളിച്ച് വീതി കൂട്ടണമെന്നും നിലവിലെ പുലിമുട്ടിൻ്റെ നീളം കൂട്ടി വീതി വർദ്ധിപ്പിച്ച് ഹാർബർ സുരക്ഷിതമാക്കാൻ ആകുമോ എന്നും സംഘം പരിശോധിക്കും.
ഇന്നലെ നടന്ന പരിശോധനയിലെ വിവരങ്ങൾ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാറിന് കൈമാറുക. മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ സി.ഡബ്ലൂ. പി. ആർ.എസിനെ ചുമതപ്പെടുത്തി കഴിഞ്ഞ മാസം തുറമുഖ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
2002 ലാണ് മുതലപ്പൊഴി ഹാർബർ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.നിർമ്മാണ പ്രവർത്തനങ്ങളുടെ അപാകതകൾ കാരണം പല ഘട്ടങ്ങളിൽ പ്രവർത്തികൾ നിർത്തിവെച്ച്, പഠനങ്ങൾ നടന്നു. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി, പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനങ്ങൾ നടത്തിയത്. തുടർന്ന് പെരുമാതുറ ഭാഗത്തെ പുലിമുട്ടിൻ്റെ നീളം 660 മീറ്ററും താഴം പള്ളി പുലിമുട്ടിൻ്റെ നീളം 440 മീറ്ററും ആയി നിശ്ചപ്പെടുത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ 2018 നിർമ്മാണം പൂർത്തിയാക്കി തുറമുഖം ഉദ്ഘാടനം നടത്തി.എന്നാൽ ഇതിന് ശേഷവും തുടർച്ചയായി അപകടങ്ങൾ ഉണ്ടാക്കുകയും മരണങ്ങൾ സംഭവിക്കുക കൂടി ചെയ്തതോടെ അപകട കാരണം പഠിക്കണമെന്നാവിശ്യം വീണ്ടും ഉയരുകയായിരുന്നു. സെപ്റ്റംബർ മാസം മുതലപ്പൊഴി അഴിമുഖത്ത് അപകടം ഉണ്ടാകുകയും 4 പേർ മരണപ്പെടുകയും ഒരാളെ കാണാതാവുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ അപകടകാരണം പഠിക്കണമെന്ന ആവശ്യം സർക്കാറിന് മുന്നിൽ വീണ്ടും സമ്മർദ്ദമായി മാറി. ഇതോടെയാണ് വിണ്ടും പഠനം നടത്താൻ സർക്കാർ തീരുമാനിച്ചത്.
