തിരുവനന്തപുരം: പാചകം തൊഴിലായി അംഗീകരിക്കുക, പാചകത്തൊഴിലാളി ക്ഷേമബോർഡ് അനുവദിക്കുക, തൊഴിൽ നൈപുണ്യം അവാർഡ് പട്ടികയിൽ പാചകമേഖലയിൽ ഉള്ളവരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ (കെഎസ്സിഡബ്ല്യുയു) സെക്രട്ടേറിയറ്റ് ധർണ നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹാരിസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ പാറയിൽ, ട്രഷറർ രാജേഷ് അപ്പാട്ട്, വൈസ് പ്രസിഡന്റ് സൈനുദ്ദീൻ പടന്നക്കാട്, സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പയ്യന്നൂർ, അർഷാദ് വയനാട് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ മാഹിൻ, അജിത്കുമാർ, താജുദ്ദീൻ, നാസർ കൊടുവള്ളി, പ്രകാശൻ തവനൂർ, ഉമ്മർ കരുളായി, സജി വിളക്കോട്, തുടങ്ങിയവർ നേതൃത്വം നൽകി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ ഒട്ടേറെ പേർ പങ്കെടുത്തു.
