നെയ്യാറ്റിൻകര: വഴുതൂർ കേന്ദ്രീകരിച്ചു വഴിയോര കച്ചവടം നടത്തുന്ന തട്ട് മനഃപൂർവം അഗ്നിക്കരയാക്കിയതെന്നു കണ്ടെത്തി; പ്രതി അറസ്റ്റിൽ. വീരണകാവ് തോട്ടംമ്പറ മുറിയിൽ കാക്കമുകളിൽ റോഡരികത്തു വീട്ടിൽ അജയകുമാർ (46) ആണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. സമീപത്തു വഴിയോര കച്ചവടം നടത്തുന്ന സഹോദരന്റെ തട്ടിൽ വിൽപന കുറഞ്ഞതിനെത്തുടർന്ന് ഉണ്ടായ വൈരാഗ്യമെന്നു പൊലീസ്.കഴിഞ്ഞ 28ന് രാത്രി ആയിരുന്നു സംഭവം.ബാലരാമപുരം വഴിമുക്ക് അഴകറത്തലമേലെ പുത്തൻ വീട്ടിൽ റഹിം, ഉള്ളി, കിഴങ്ങ് വർഗങ്ങൾ, സീസൺ അനുസരിച്ചുള്ള പഴങ്ങൾ തുടങ്ങിയവ വിൽപന നടത്തിയിരുന്ന തട്ട് ആണ് അഗ്നിക്കിരയായത്. തട്ട് കത്തി നശിച്ച അന്നു തന്നെ റഹിം, തന്റെ തട്ട് ആരോ മനഃപൂർവം അഗ്നിക്കിരയാക്കിയതാണ് എന്ന് കാട്ടി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തിൽ അജയകുമാർ കുടുങ്ങുകയായിരുന്നു. നെയ്യാറ്റിൻകര സിഐ: കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ: ആർ.സജീവ്, സിപിഒ ഷിബു തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
