വെഞ്ഞാറമൂട്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ പരിക്ക് പറ്റിയ കുട്ടിയെ കൃത്യ സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകാതെ അധ്യാപകരുടെ ക്രൂരത. വെഞ്ഞാറമൂട് ആലന്തറ ഗവ :യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ മുഖമിടിച്ചു വീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മുരൂർക്കോണം മുറയിൽ വിളാകത്ത് വീട്ടിൽ അഭിലാഷിന്റെ മകൻ ആശ്വിനാണ് അപകടം പറ്റിയത്.കുട്ടിയുടെ പല്ലിളകി നിലയ്ക്കാത്ത രക്ത പ്രവാഹം ആയിരുന്നിട്ടും കുട്ടിയെ അടിയന്തിരമായി ആശുപത്രിയിൽ കൊണ്ടുപോകാതെ ഓഫീസ് മുറിയിൽ ഇരുത്തുകയാണുണ്ടായത് എന്നാണ് രക്ഷകർത്താക്കളുടെ പരാതി. കുട്ടിയുടെ വീട്ടിൽ വിളിച്ചറിയിച്ചപ്പോൾ രക്ഷിതാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇളയ കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിൽക്കുകയാണെന്നു അറിയിച്ചു. എന്നിട്ടും അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ലെന്നും രക്ഷകർത്താക്കൾ പറയുന്നു.
