കിളിമാനൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി നാലു വർഷത്തിനുശേഷം വർക്കല പോലീസിന്റെ പിടിയിലായി. വർക്കല ചിലക്കൂർ ചുമട്താങ്ങി മുക്കിന് സമീപം സുമയ്യ വില്ലയിൽ സുൽത്താൻ മകൻ സിയ ഉൽ ഹക്കിനെ (39)ആണ് വിദേശത്തുനിന്നും തിരുവനന്തപുരം എയർപോർട്ടിൽ എത്തിയപ്പോൾ വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് കടന്ന അവസരത്തിലാണ് പ്രതി അറസ്റ്റിലായത് . 16 വയസ്സ് പ്രായം ഉണ്ടായിരുന്ന പെൺകുട്ടിയെ സ്കൂളിൽ കൊണ്ടാക്കാം എന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി. വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, എ എസ് ഐ മാരായ ഫ്രാങ്ക്ലിൻ,മനോജ്,എസ് സി പി ഒ മാരായ ജിഹാൻ,ഷിജു,വിജു, ഷൈജു, ബിനു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്ന് വർക്കല എസ്എച്ച് ഒ അറിയിച്ചു.
