വിഴിഞ്ഞം: വനിതാ സുഹൃത്തിന്റെ പിഞ്ചു കുഞ്ഞിനെ മർദിച്ചു പരുക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ കേസിൽ പിടിയിൽ. യുവതിയുടെ ആൺ സുഹൃത്തായ അടിമലത്തുറ അമ്പലത്തിൽ മൂല സ്വദേശി റോയി(27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നര വയസ്സുള്ള ആൺ കുട്ടിയെ മുഖത്ത് കമ്പു കൊണ്ടു അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു മാസം മുൻപ് ഇതേ കേസിൽ പ്രതി പിടിയിലായിരുന്നു.ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് യുവതിക്കൊപ്പമായിരുന്നു താമസം. പുതുവത്സരാഘോഷത്തിനു പറയാതെ പോയത് ചോദ്യം ചെയ്ത് യുവതിയെ മർദിക്കാൻ ശ്രമിച്ചപ്പോൾ അവർ ഓടി രക്ഷപ്പെട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ് ശബ്ദം കേട്ട് ഉണർന്നു കരഞ്ഞപ്പോൾ ആണ് പ്രതിയുടെ ആക്രമണം എന്നു പൊലീസ് പറഞ്ഞു. മുഖത്ത് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മാതാവിന്റെ പരാതിയിൽ എസ്ഐമാരായ വിനോദ്, പ്രസാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മോഷണ,അടിപിടി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
