ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം തുടർ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരത്തിൽ നടപ്പിലാക്കുന്ന ഇനി ഞാനൊഴുകട്ടെ എന്ന പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. നഗരത്തിലെ ജലാശയങ്ങളിൽ ശുദ്ധജല പ്രവാഹം ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. നഗരപരിധിയിലെ കുളങ്ങൾ, തോടുകൾ, തണ്ണീർ തടങ്ങൾ ഉൾപ്പടെയുള്ള ജലാശങ്ങൾ കഴിഞ്ഞ വർഷം ശുചീകരിച്ച ശേഷം അതിൽ നിന്ന് ശേഖരിച്ച ജലം പരിശോധനക്ക് അയച്ചിരുന്നു. മനുഷ്യ വിസർജ്യത്തിൽ അടങ്ങിയിട്ടുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം 79 ശതമാനത്തോളം പരിശോധനക്ക് അയച്ച സാമ്പിളുകളിൽ സ്ഥിതീകരിച്ചു. തുടർ പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ ശുദ്ധീകരിക്കുകയും. വീടുകളിലും സ്ഥാപനങ്ങളിലും സെപ്റ്റിക് ടാങ്കും, നിലവിലെ സിംഗിൾ പിറ്റ് എന്ന സംവിധാനം ഒഴിവാക്കി ട്വിൻ പിറ്റ് സംവിധാനം നിർബന്ധിതമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. കൂടാതെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ഈ പദ്ധതിയോടൊപ്പം ഏകോകിപ്പിക്കുന്നു. അപ്പൂപ്പൻനട തോട് ശുചീകരിച്ചു കൊണ്ട് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, കൗൺസിലർമാരായ സുധാകുമാരി, കെപി.രാജഗോപാലൻ പോറ്റി, ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, നവകേരളമിഷൻ റിസോഴ്സ് പേഴ്സൺ സിന്ദു, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
