തിരുവനന്തപുരം: പെൺകുട്ടിയുമായി ബൈക്കിൽ എത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബാലരാമപുരത്ത് സുഹൃത്തുക്കൾ തമ്മിൽ പൊതിരെ തല്ല്. പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് പൊലീസ് എത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. മടുവൂർ പാറയിലാണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രംഗങ്ങൾ അരങ്ങേറിയത്. ബാലരാമപുരം സ്വദേശികളായ രണ്ട് യുവാക്കൾ സോഷ്യൽ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി. ഒരു സുഹൃത്ത് പെൺകുട്ടിയുമായി ബൈക്കിൽ മുടവൂർപാറ ജംഗ്ഷനിൽ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പരസ്പരം വാക്കേറ്റത്തിലാവുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിച്ചു. ബൈക്ക് തകർത്തു. സംഘർഷാവസ്ഥ നീണ്ടതോടെ നാട്ടുകാർ പ്രകോപിതനായ യുവാവിനെ പിടിച്ചു പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തു.
