നെടുമങ്ങാട്: കാൽനട യാത്രികൻ ഓട്ടോയിടിച്ച് മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ തട്ടത്തുമല മാണിക്യപാറ മുളയറ വീട്ടിൽ കെ ഷംസുദീനെ ( 53 ) പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 30 ന് വൈകിട്ട് പാലോട് ജങ്ഷനു സമീപമുണ്ടായ അപകടത്തിൽ സ്ഥലവാസിയായ എൽ. ക്രിസ്തുദാസ് (79) ആണ് മരിച്ചത്. ഇടിച്ച ശേഷം ഓട്ടോറിക്ഷ നിർത്താതെ പോയെന്ന് പൊലീസ് പറഞ്ഞു.ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സി.സി.ടി.വി കാമറകൾ പരിശോധിച്ചും വിവിധ ഓട്ടോ സ്റ്റാൻഡുകളിൽ അന്വേഷണം നടത്തിയുമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ നിലവിൽ വാടക വീട്ടിലാണ് താമസം. ഇടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.പാലോട് സി.ഐ ഷാജിമോന്റെയും എസ്.ഐ നിസാറുദീന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരായ ഉദയകുമാർ , അൽഅമാൻ, വിനീത്, അരുൺ, സുജു കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
