വിഴിഞ്ഞം: വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതി പിടിയിൽ. വെങ്ങാനൂർ സ്വദേശി അശ്വതി കൃഷ്ണയെയാണ് (29) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടിൽ അനുപമയുടെ പരാതിയിലാണ് കേസ്. ജോലി വാഗ്ദാനം നൽകിയും വീട് വയ്ക്കാൻ വായ്പ ഏർപ്പാടാക്കി കൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചും കഴിഞ്ഞ വർഷം നവംബർ മുതൽ ജനുവരി വരെ പല തവണകളായി 1,60,000 രൂപ തട്ടിച്ചുവെന്നാണ് പരാതി. 7 ലക്ഷം രൂപയുടെ ലോൺ പാസായെന്ന് പറഞ്ഞ് വണ്ടിച്ചെക്ക് നൽകിയും കബളിപ്പിച്ചു. ഭർത്താവുമായി അകന്ന് കഴിയുന്ന പ്രതി വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ പൊലീസ് ആണെന്നും ഭർത്താവ് പൊലീസ് ഡ്രൈവർ ആണെന്നുമാണ് പലരെയും വിശ്വസിപ്പിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.സ്കൂളിലെ എസ്പിസി പരിശീലന പരിപാടിയിലും മറ്റും പൊലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകൾ കാണിച്ചും വിശ്വസിപ്പിച്ചിരുന്നുവെന്നു. മറ്റു ചിലരോട് സീരിയൽ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. ആൾമാറാട്ടം നടത്തിയതിനും വഞ്ചനാ കുറ്റത്തിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
