പെരുമാതുറ : അഴിമുഖ ചാനലിൽ മണൽ മൂടിയതിനെ തുടർന്ന് മത്സ്യബന്ധനം ഭാഗീകമായി നിലച്ച മുതലപ്പൊഴിയിലെ മണൽ നീക്കൽ വേഗത്തിലാക്കാൻ രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ കൂടി എത്തിച്ചു. ഫിഷറീസ് ഡയറക്ടർ മത്സ്യതൊഴിലാളികളും ഹാർബർ – അദാനി കമ്പനി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കണമെന്ന ധാരണ പ്രകാരമാണ് 2 മണ്ണുമാന്തി യാന്ത്രങ്ങൾ കൂടി മുതലപ്പൊഴിയിലെത്തിച്ചത്.
രണ്ടോളം മണ്ണ്മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മണൽ നീക്കത്തിന് വേഗതപോരെന്ന മത്സ്യതൊഴിലാളികളുടെ ആവശ്യം ശക്തമാകുകയും, പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് അദാനി ഗ്രൂപ്പ് കൂടുതൽ ഭീമൻ മണ്ണ്മാന്തി യന്ത്രങ്ങൾ മുതലപ്പൊഴിയിൽ എത്തിച്ചത്. കൂടാതെ മണൽ നീക്കം 24 മണിക്കൂറുമാക്കി ഉയർത്തിയതും മണൽ നീക്കം വേഗത്തിലാകുന്നതിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ മാസത്തോടുകൂടിയാണ് മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞ് കൂടുന്ന പ്രതിഭാസം രൂപപ്പെട്ടത്. അഴിമുഖ ചാനലിൽ 70 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലും മണൽ തിട്ട രൂപപ്പെട്ടിരുന്നു. ഈ മണൽ നീക്കുന്നതിനായിട്ടാണ് ഇപ്പോൾ നാല് മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിച്ചുവരുന്നത്. എന്നാൽ, തുറമുഖ ചാനലിലെ മണൽ നീക്കം അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും, നിലവിൽ രണ്ട് മീറ്ററിൽ താഴെ മാത്രമേ മണൽ നീക്കുവാൻ കഴിഞ്ഞിട്ടുള്ളു എന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ഈ മേഖലയിൽ കുറഞ്ഞ പക്ഷം 5 മുതൽ 8 മീറ്റർ വരെയെങ്കിലും ആഴം ഉണ്ടെങ്കിൽ മാത്രമേ മത്സ്യബന്ധന യാനങ്ങളുടെ സുരക്ഷിതമായ യാത്ര സാധ്യമാക്കൂ എന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.കൂടാതെ അഴിമുഖത്ത് പുലിമൂട്ടിന്റെ ഭാഗമായി അടുക്കിയിട്ടുള്ള കല്ലുകൾ അഴിമുഖത്ത് വീണു കിടക്കുന്നതും അപകട സാധ്യതയായി ഇപ്പോഴും തുടരുകയാണ്.
