പെരുമാതുറ : മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞ് തിട്ട രൂപപ്പെട്ടതോടെ കൂറ്റൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണൽ നീക്കാനുള്ള ശ്രമം പാളുന്നു. കുഴിച്ചെടുക്കുന്ന മണലിനെക്കാൾ ഇരട്ടിലേറെ മണൽ തീരത്ത് അടിയുന്നതാണ് നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതോടെ പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ രംഗത്ത് വന്നു.
വെള്ളിയാഴ്ചയോടെയാണ് മുതലപ്പൊഴിയിലെ മണൽ നീക്കുന്നതിനായി രണ്ട് കൂറ്റൻ മണ്ണ് മാന്തി യന്ത്രം മണൽ നീക്കൽ ആരംഭിച്ചത്. തിട്ട രൂപപ്പെട്ട ഭാഗത്ത് നിന്നും മണൽ കോരി മാറ്റുന്നുണ്ടെങ്കിലും വലിയ തോതിൽ മണ്ണ് അടിയുകയാണ്.ഇതോടെ മണ്ണ് മാന്തി യന്ത്രം കൊണ്ട് പൂർണ്ണമായി മണ്ണൽ നീക്കാനാവില്ലെന്ന മത്സ്യതൊഴിലാളികളുടെ വാദം ശരിയാകുകയാണ്. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ എത്തിയതോടെ കൂറ്റൻ ഡ്രജർ എത്തിക്കണമെന്ന അവശ്യം മത്സ്യതൊഴിലാളികൾ ഉന്നയിച്ചു.
തുടർന്ന് ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മത്സ്യത്തൊഴിലാളികളുമായി നടത്തിയ അനുനയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തരമായ് ട്രെഡജറുകൾ എത്തിച്ചുള്ള മണൽ നീക്കം ആരംഭിക്കുമെന്ന് ഉറപ്പ് നൽകി.
എന്നാൽ, ട്രെഡ്ജറുകൾ എന്ന് എത്തിക്കുമെന്നതിൽ വ്യക്തമായ മറുപടി നൽകുവാൻ അധികൃതർ തയ്യാറായില്ല. അഴിമുഖത്തെ മണൽ നീക്കം ചെയ്ത് മത്സ്യബന്ധനം അപകടരഹിതവും സുഗമവുമാക്കണമെന്ന ആവിശ്യവുമായി വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ 18 നാണ് ഫിഷറീസ് ഡയറക്ടർ സ്ഥലം സന്ദർശിച്ച് അടിയന്തരമായ് മണൽ നീക്കുവാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയത്.
