കാട്ടാക്കട: പട്ടികവർഗ്ഗ സമുദായത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വാതിൽ ചവുട്ടി പൊളിച്ചു അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അമ്പൂരി കോവിലൂർ കാരിക്കുഴി എ പി 111/489 നമ്പർ അഞ്ജു നിവാസിൽ അനീഷ് 30നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ഐപിസി 450 വകുപ്പ് പ്രകാരവും പോക്സോ ആക്ട് പ്രകാരവും 12 വർഷം കഠിനതടവിനും നാൽപതിനായിരം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് ഹാജരായി. 2015 ഉച്ചയ്ക്ക് 1 30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വസ്ത്രം മാറിക്കൊണ്ടിരുന്ന സമയത്ത് വീടിൻറെ പുറകിലെ വാതിൽ ചവിട്ടി തുറന്ന് അകത്തുകയറി പ്രതി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. നെയ്യാർ ഡാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുമങ്ങാട് ഡിവൈഎസ്പി ആയിരുന്ന സൈബുദ്ദീൻ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വീടിനകത്ത് അതിക്രമിച്ച് കടന്ന് കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയും പോക്സോ നിയമപ്രകാരം ഏഴുവർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നൽകണം. പിഴ നൽകിയില്ലെങ്കിൽ എട്ട് മാസം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.
