വിതുര: ജനവാസ മേഖലകളിൽ മാലിന്യം തള്ളിയ സംഭവത്തിൽ വിതുരയിലെ ഹോട്ടലിനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ടു വിതുര പൊലീസ് സ്റ്റേഷൻ കവാടത്തിന് എതിർ വശം പ്രവർത്തിക്കുന്ന ഇറാനി ഫാമിലി റസ്റ്റോറന്റ് വിതുര ഗ്രാമപ്പഞ്ചായത്തും ആരോഗ്യ വകുപ്പും ഇടപെട്ടു അന്വേഷണ വിധേയമായി പൂട്ടി. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായിട്ടാണ് ഹോട്ടലിൽ നിന്നുള്ള സെപ്ടിക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും ഉൾപ്പെടെ പിക്കപ്പ് വാഹനത്തിൽ വിതുര, തൊളിക്കോട് ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിൽ തള്ളിയത്. സംഭവത്തിൽ ഹോട്ടലിനു വിതുര ഗ്രാമപ്പഞ്ചായത്ത് 2016 ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ്, ഹൈക്കോടതിയുടെ 2023 മാർച്ച് 23 ലെ ഉത്തരവ് എന്നിവ പ്രകാരം ഹോട്ടലിന് 50,000 രൂപ പിഴ ചുമത്തി. ഇറാനി റസ്റ്ററന്റ് ഉടമ മുഹമ്മദ് കബീർ, മാലിന്യം കൊണ്ടു പോയ പിക്കപ്പ് വാഹനത്തിന്റെ ഉടമ മുഹമ്മദ് റിയാസ്, സഹായികളായ പ്രദീപ് കുമാർ, സന്തോഷ്, ബൈജു എന്നിവർക്കെതിരെയാണു വിതുര പൊലീസ് കേസെടുത്തത്. ജനവാസ മേഖലകളിൽ തള്ളിയ മാലിന്യം ഹോട്ടൽ ഉടമയുടെ ചെലവിൽ വൃത്തിയാക്കാനും ഗ്രാമപ്പഞ്ചായത്ത് നിർദേശം നൽകി. വിഷയവുമായി ബന്ധപ്പെട്ടു തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രത്യേക കമ്മിറ്റി ചേർന്നു പിഴ ചുമത്താൻ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഇന്നു ഹോട്ടൽ ഉടമയക്കു നൽകും. വിതുര ഗ്രാമപ്പഞ്ചായത്തിലെ ചേന്നൻപാറ, വിതുര വാർഡുകളിലും തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ വലിയവേങ്കാട്, ലക്ഷ്മി എസ്റ്റേറ്റ്, പൊൻപാറ മേഖലകളിലും മാലിന്യം തള്ളുകയായിരുന്നു. ജനവാസ മേഖലകളാണ് എല്ലാം. വിതുര കലുങ്ക് ജംക്ഷനു സമീപത്തെ തോട്ടിലും മൈലക്കോണം റോഡിനു സമീപവും മാലിന്യം കണ്ടെത്തി.അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ ഗ്രാമപ്പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു. പിന്നാലെ ജനപ്രതിനിധികൾ അടക്കമുള്ളവർ മാലിന്യം തള്ളിയ സ്ഥലങ്ങൾ പരിശോധിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശ പ്രകാരം ഹോട്ടൽ ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനും ഇത്തരത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നിർദേശം നൽകുകയും ചെയ്തതായി സബ് ഇൻസ്പെക്ടർ എസ്. വിനോദ് കുമാർ പറഞ്ഞു. വിതുര ഹോട്ടലിൽ നിന്നും മാലിന്യം ജനവാസ മേഖലകളിൽ തള്ളിയ സംഭവം ജനദ്രോഹപരമായി പോയെന്നും മേലിൽ ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ നടപടി കർശനമാക്കുമെന്നും വിതുര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, വൈസ് പ്രസിഡന്റ് ബി.എസ്. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മേമല വിജയൻ, നീതു രാജീവ് എന്നിവർ അറിയിച്ചു. ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം യഥാ സമയം നീക്കം ചെയ്യുകയും ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ സംസ്കരിക്കുകയും ചെയ്യുന്നതിനു പരിശോധന കർശനമാക്കണമെന്നു ഗ്രാമപ്പഞ്ചായത്ത് അംഗം മാൻകുന്നിൽ പ്രകാശ് ആവശ്യപ്പെട്ടു. നിലവിൽ മാലിന്യം തള്ളിയ ഹോട്ടൽ ഉൾപ്പെടെ പല വ്യാപാര സ്ഥാപനങ്ങളും ജനങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലാണു പലപ്പോഴും മാലിന്യം നിർമാർജനം ചെയ്യാൻ ശ്രമിക്കുന്നതെന്നു തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തോട്ടുമുക്ക് അൻസർ ആരോപിച്ചു.
