ആറ്റിങ്ങൽ.ദേശീയ സ്കൂൾ കരാട്ടെയിൽ സഹോദരിമാർക്ക് മെഡൽ നേട്ടം.
പോങ്ങനാട് അനീഷ് മൻസിലിൽ അനീഷ് – ജസ്ന ദമ്പതികളുടെ മക്കളായ ഫിദയും ഫെമിദയും ആണ് പഞ്ചാബിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡലുകൾ നേടി ശ്രദ്ധേയരാകുന്നത്.പത്തൊമ്പത് വയസിന് താഴെയുള്ള സീനിയർ പെൺകുട്ടികളുടെ 32 കിലോഗ്രാം കുമിത്തെയിൽ ഫെമിദ വെള്ളി മെഡൽ നേടിക്കൊണ്ടാണ് കേരളത്തിൻ്റെ മെഡൽ പട്ടിക തുറന്നത്. ദേശീയ സ്കൂൾ കരാട്ടെയിലെ കേരളത്തിൻ്റെ ആദ്യ വെള്ളിമെഡലാണ് ഫെമിദ നേടിയത് എന്ന പ്രത്യേകതയും ഉണ്ട്. അവനവൻചേരി ഗവ: ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് ഫെമിദ.
പത്തൊമ്പത് വയസിന് താഴെ ഉള്ള സീനിയർ പെൺകുട്ടികളുടെ 44 കിലോഗ്രാം കുമിത്തെയിൽ ആണ് ഫിദയുടെ വെങ്കല മെഡൽ നേട്ടം. 2018 ഇൽ കേരളം ആദ്യമായി സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടീമിനെ അയച്ച് തുടങ്ങിയപ്പോൾ തന്നെ കേരളത്തിന് വേണ്ടി ആദ്യ മെഡൽ നേടിയതും ഫിദ ആയിരുന്നു. അന്ന് പതിനൊന്ന് വയസ് മാത്രം പ്രായം ഉണ്ടായിരുന്ന ഫിദ പത്തൊമ്പത് വയസിന് താഴെ ഉള്ളവരുടെ സീനിയർ വിഭാഗത്തിൽ തന്നെയാണ് അന്നും മെഡൽ നേടിയിരുന്നത്. ആറ്റിങ്ങൽ ഗവ: ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ +1 വിഎച്ച്എസ്ഇ വിദ്യാർത്ഥിനിയാണ് ഫിദ.
ജനുവരി 5 മുതൽ 13 വരെ പഞ്ചാബിലെ ലുധിയാനയിലായിരുന്നു ഈ വർഷത്തെ ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് എങ്കിലും മത്സരങ്ങൾ എഴാം തീയതി തുടങ്ങി പത്താം തീയതി ആയപ്പോഴേക്കും ആകെ ഉള്ള 24 ഇനങ്ങളും പൂർത്തിയായി. കേരളം ആകെ നാല് മെഡലുകൾ ആണ് നേടിയത്. അതിൽ രണ്ട് മെഡലുകൾ ആണ് ഒരു വീട്ടിൽ നിന്നുള്ള ഫിദയും ഫെമിദയും നേടി ശ്രദ്ധയാകർഷിച്ചത്.
2017 ഇൽ കീഴാറ്റിങ്ങൽ ബി വി യു പി എസ്സിൽ ആറ്റിങ്ങൽ കരാട്ടെ ടീം ആരംഭിച്ച സൗജന്യ കരാട്ടെ ക്ളാസിലൂടെയാണ് ഫിദയും ഫെമിദയും കരാട്ടെ രംഗത്തേക്ക് കടന്ന് വരുന്നത്.
