വെള്ളറട : അമരവിള–കാരക്കോണം റോഡിന്റെ നവീകരണത്തിന് പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ പക്ഷപാതം കാട്ടുന്നുവെന്ന് ആരോപണം. ദേശീയപാതയെയും മലയോര ഹൈവേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. 12 മീറ്റർ വീതിയിലാണ് നവീകരണം. റോഡ് നീളുന്ന ഭാഗത്തെല്ലാം പുറമ്പോക്കുണ്ട്. ഇവ പൂർണമായും അളന്നു തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിക്കണമെന്നും അതിനുശേഷം റോഡിന്റെ നവീകരണത്തിന് ആവശ്യമായ സ്ഥലം ഒഴിപ്പിക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഉദ്യോഗസ്ഥർ ഇതിന് വഴങ്ങിയില്ല. രാഷ്ട്രീയ ഇടപെടലുകളാണ് കാരണം. റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തിയപ്പോൾ ഉദ്യോഗസ്ഥർ പക്ഷപാതം കാട്ടിയെന്നാണ് ആരോപണം.
നിർമാണം ആരംഭിക്കുന്നതിന് മുൻപ് ഇതു പരിശോധിക്കുമെന്നു ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉറപ്പു നൽകിയിരുന്നുവെങ്കിലും പാലിച്ചിട്ടില്ല. രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും പിടിപാടുള്ളവരുടെ ഭൂമി അളന്ന് അടയാളപ്പെടുത്തിയെങ്കിലും ഒഴിപ്പിച്ചില്ല. ചില സ്ഥലങ്ങളിൽ മാത്രം കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിച്ചിട്ടുണ്ട്. ചിലരെ സംരക്ഷിക്കാനായി കുറച്ചുപേർക്കുകൂടി ഇളവു നൽകിയ സംഭവവും നാട്ടുകാരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ആദ്യം അളന്നു തിട്ടപ്പെടുത്തിയതിൽ പലയിടത്തും മാറ്റം വരുത്തി. ആദ്യഘട്ടത്തിൽ അളന്നു സ്ഥാപിച്ച അടയാളങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഉദ്യോഗസ്ഥർ ഇത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആരോപണം.
