കഴക്കൂട്ടം : ആഴ്ചകൾക്കു മുൻപ് പെയ്ത മഴയിൽ ഇടിഞ്ഞുതാണ സർവീസ് റോഡും ഓടയും ഇനിയും പുനർ നിർമിച്ചില്ല. കുളത്തൂർ ഗുരുനഗർ ഇൻഫോസിസിനു മുന്നിലെ ബൈപാസ് സർവീസ് റോഡാണ് മൂന്നു ആഴ്ചകൾക്കു മുൻപ് രാവിലെ പെയ്ത മഴയിൽ ഇടിഞ്ഞു താഴ്ന്നത്. 30 മീറ്ററിലേറെ ദൂരത്തിൽ സർവീസ് റോഡിന്റെ ഒരു ഭാഗം 7 അടിയോളം താഴ്ചയുള്ള ഓടയിലേക്ക് ഇടിഞ്ഞിറങ്ങുകയായിരുന്നു. ആ സമയം അതു വഴി വാഹനം വരാത്തതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് ദേശീയ പാത അധികൃതർ എത്തി സർവീസ് റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചു.
ഇടിഞ്ഞുതാണ് ഏതാനും ദിവസങ്ങൾക്കകം പണി തുടങ്ങിയെങ്കിലും കുറെ മണ്ണ് മാറ്റിയ ശേഷം പണി അവസാനിപ്പിച്ച അവസ്ഥയിൽ ആണ്. ഇടിഞ്ഞു താണ ഓടയും അതേ അവസ്ഥയിൽ കിടക്കുകയാണ്. സദാ വാഹന തിരക്ക് അനുഭവപ്പെടുന്ന സർവീസ് റോഡു വഴി ഇപ്പോൾ കാൽനട യാത്രക്കാരും ഇരു ചക്ര വാഹനം ഓടിക്കുന്നവരും മാത്രമാണ് പോകുന്നത്. സർവീസ് റോഡ് എത്രയും പെട്ടെന്ന് നിർമിച്ച് ഈ ഭാഗത്തെ ഗതാഗത പ്രശ്നത്തിനു പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം
