തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടർ അതോറിറ്റി എൻജിനീയർക്ക് ആറ്റിങ്ങലിൽ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25000 രൂപ പിഴയും അച്ചടക്ക നടപടിയും വിജിലൻസ് അന്വേഷണവും. വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രവും നല്കി. ആറ്റിങ്ങൽ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ബൈജുവിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. പിഴ സംഖ്യ ഈ മാസം 28 നകം കമ്മിഷനിൽ സമർപ്പിക്കണം.
ബൈജുവിനെതിരെ കേരള സിവിൽ സർവ്വീസ് ചട്ടം16 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടി 15 ദിവസത്തെ നോട്ടീസും നല്കിയിട്ടുണ്ട്. വകുപ്പുതല വിജിലൻസ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിമിന്റെ ഉത്തരവിനെ തുടർന്ന് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആണ് നടപടിയെടുത്തത്.
