തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതു തന്നെ ‘വിഴിഞ്ഞം’ തുറമുഖത്തെ കേന്ദ്രീകരിച്ചായിരുന്നു. വിഴിഞ്ഞത്ത് അടുപ്പിച്ച ആദ്യ കപ്പലായ ഷെൻഹുവ–15ന്റെ നാടായ ചൈനയിൽ നിന്നു തന്നെ മന്ത്രി വികസനത്തിനുള്ള മാതൃകയും വിഴഞ്ഞത്തേക്ക് കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചു. അര നൂറ്റാണ്ടു മുൻപു ചൈനയിൽ നടപ്പാക്കിയ മാതൃകയിൽ വിഴിഞ്ഞത്ത് പ്രത്യേക വികസന മേഖലകൾ (എസ്ഡിസെഡ്)നടപ്പാക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. വിഴിഞ്ഞം കേന്ദ്രീകരിച്ച് ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള ഹബ് ആയി വികസിപ്പിക്കും.
വിഴിഞ്ഞം പദ്ധതിയും അനുബന്ധ വികസന പ്രവർത്തനങ്ങളും സംബന്ധിച്ച പ്രഖ്യാപനങ്ങളിലൂടെ തുടങ്ങിയ ബജറ്റിൽ പലയിടങ്ങളിലും തലസ്ഥാനത്തിന് കാര്യമായ പരാമർശം ലഭിച്ചു. ഔട്ടർ റിങ് റോഡ് സമയബന്ധിതമായി യാഥാർഥ്യമാകാൻ സർക്കാർ ഇടപെടുമെന്ന പ്രഖ്യാപനവും ഔട്ടർ റിങ് റോഡിന് അനുബന്ധമായി ഔട്ടർ ഏരിയ വികസന ഇടനാഴി യാഥാർഥ്യമാക്കുമെന്ന പ്രഖ്യാപനവും മുൻ ബജറ്റുകളിലെ ആവർത്തനമാണെങ്കിലും ഇപ്പോഴും ഫയലിൽ മാത്രമുള്ള പദ്ധതികൾക്കു വേഗമുണ്ടാകുമെന്നു പ്രതീക്ഷിക്കാം. അതോടൊപ്പം, ലാൻഡ് പൂളിങ്ങിലൂടെ വിഴിഞ്ഞത്തിന് 50 കിലോമീറ്റർ പരിധിയിൽ 10,000 ഏക്കറിൽ സ്വകാര്യ പങ്കാളിത്തത്തോടെ വികസന മേഖലകൾ യാഥാർഥ്യമാക്കുന്നതിനുള്ള പ്രഖ്യാപനവുമുണ്ട്.
