പാറശാല : ബൈക്കിൽ എത്തിയവർ പൊട്ടിച്ചു കടന്ന ആറര പവന്റെ മാലയ്ക്കു പകരം യുവതിക്കു എഴു പവൻ മാല സമ്മാനിച്ച് വ്യവസായി ബോബി ചെമ്മണൂർ. കഴിഞ്ഞ തിങ്കൾ ഉച്ചയ്ക്കു 11ന് പ്ലാമൂട്ടുക്കട–പൂഴിക്കുന്ന് റോഡിൽ ആണ് വിരാലി ചെറിയ കണ്ണുകുഴി വീട്ടിൽ ലിജിദാസ് (31) ന്റെ മാല ആണ് കവർന്നത്. ഡ്രൈവിങ് പരിശീലകയായ ലിജി സ്പെയർ പാർട്സ് കടയിൽ നിന്ന് സാധനം വാങ്ങാൻ സ്കൂട്ടർ റോഡ് വശത്തേക്ക് ഒതുക്കുന്നതിനിടയിൽ ബൈക്കിൽ എത്തിയവർ മാല പൊട്ടിക്കാൻ ശ്രമം നടത്തി.
ഇതോടെ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാവ് ബലമായി മാല പൊട്ടിക്കുകയും മതിലിന്റെ ഭാഗത്തേക്ക് ലിജിയെ തള്ളി വീഴ്ത്തുകയും ചെയ്തു. വീഴ്ചയിൽ ലിജിക്കു കാലിനും കഴുത്തിനും പരുക്കേറ്റിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. വർഷങ്ങൾ നീണ്ട അധ്വാനത്തിൽ നിന്ന് മിച്ചം പിടിച്ച തുക കൊണ്ട് വാങ്ങിയ മാല തിരിച്ച് നൽകണമെന്ന യുവതിയുടെ അഭ്യർഥന മനോരമയിൽ നിന്ന് വായിച്ച് അറിഞ്ഞാണ് വ്യവസായി മാല നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ജ്വല്ലറി ജീവനക്കാർ വീട്ടിൽ എത്തി മാല കൈമാറി.
