തിരുവനന്തപുരം : നാടൻ ബോംബ് നിർമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ക്രിമിനൽ സംഘത്തിലെ 4 പേർക്കു പരുക്ക്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. നിസ്സാര പരുക്കുകളോടെ ചികിത്സ തേടിയ വട്ടപ്പാറ സ്വദേശികളായ കിരൺ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ എറിയാൻ വേണ്ടിയാണ് ബോബ് നിർമിച്ചതെന്നു ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. വട്ടപ്പാറ സ്വദേശികളായ 17 വയസ്സുകാരനും അഖിലേഷിനും (24) ആണ് ഗുരുതരമായി പരുക്കേറ്റത്. 17 വയസ്സുകാരന്റെ ഇരുകൈപ്പത്തികളും അറ്റു തെറിച്ചുപോയി.
മോഷണക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസ് പ്രതികളുടെ വീട്ടിൽ രാത്രി പരിശോധന നടത്തിയിരുന്നു. വീണ്ടും പൊലീസ് വീട്ടിൽ വന്നാൽ ആക്രമിക്കാൻ വേണ്ടിയാണു ബോംബ് നിർമിച്ചതെന്ന് ചോദ്യംചെയ്യലിൽ വിവരം ലഭിച്ചെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് 3.30ന് മണ്ണന്തല മുക്കോല ഹൊറൈസൻ പാർക്കിലെ വിജനസ്ഥലത്തായിരുന്നു സ്ഫോടനം. കുന്നിനു മുകളിലെ മരത്തിനു ചുവട്ടിലിരുന്ന് നാടൻബോംബ് നിർമിക്കുന്നതിനിടെ 17 വയസ്സുകാരന്റെ കയ്യിലിരുന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. അറ്റുപോയ കൈപ്പത്തികൾ തുണിയിൽ പൊതിഞ്ഞുകെട്ടി ആദ്യം ബൈക്കിലും പിന്നീട് ഓട്ടോറിക്ഷയിലും ഇവർ നാലു പേരും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി.
