തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ ഭർത്താവിനും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിച്ച സ്ത്രീ ബസിടിച്ച് മരിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശി പ്രതിഭയാണ് (44) മരിച്ചത്. എതിർദിശയിൽ നിന്ന് വന്ന സ്വകാര്യബസാണ് ബൈക്കിൽ ഇടിച്ചത്.
മകളെ റെയിൽവേ സ്റ്റേഷനിൽ ആക്കാൻ ബൈക്കിൽ എത്തിയ മൂന്നംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പ്രതിഭയുടെ ഭർത്താവ് വിജയകുമാർ, മകൾ വിഷ്ണുപ്രിയ എന്നിവർക്കും പരിക്കേറ്റു.
ഇതടക്കം സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ ഇന്ന് അഞ്ചുപേരാണ് മരിച്ചത്. എറണാകുളം കാഞ്ഞിരമറ്റത്ത് ബൈക്കും കാറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു. ആമ്പല്ലൂർ സ്വദേശി ഇൻസാം, അരയൻകാവ് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കുളത്തൂരിൽ ബൈക്കപകടത്തിൽ കാൽനട യാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ സാജിർ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അൽ അമാനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
