വർക്കല: സർവ്വജ്ഞനായ അല്ലാഹു മനുഷ്യർക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും സാധ്യമല്ലെന്നും നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ മുഴുവൻ അനുഗ്രഹങ്ങൾക്കും വിനയാന്വിതരും നന്ദിയുള്ളവരുമായി കഴിയണമെന്നും കടുവയിൽ ജുമുഅഃ മസ്ജിദ് ചീഫ് ഇമാം അബൂറബീഹ് സ്വദഖത്തുള്ള ബാഖവി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ ഇരുപത്തിമൂന്നാം ദിവസമായ ഞായറാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമുക്ക് ചുറ്റും ഇത്തരം അനുഗ്രഹങ്ങൾ വേണ്ടുവോളം ആസ്വദിക്കാനോ അനുഭവിക്കാനോ സാധിക്കാത്ത ധാരാളം ആളുകൾ ജീവിച്ചിരിപ്പുണ്ടെന്ന തിരിച്ചറിവ് ഓരോ സത്യവിശ്വാസിക്കും ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നമുക്ക് ലഭിച്ച ചെറുതും വലുതുമായ സകല നന്മകളെയും തിരിച്ചറിഞ്ഞ് അല്ലാഹുവിന് എപ്പോഴും നന്ദിയുള്ളവരായി ജീവിക്കാൻ നാം ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം ഉണർത്തി.
ബുഖാരി മജ്ലിസിന്റെ ഇരുപത്തിനാലാം ദിവസമായ ഓഗസ്റ്റ് 10, തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ വിഴിഞ്ഞം ജുമുഅഃ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ജവാദ് മന്നാനി പ്രഭാഷണം നടത്തും.
