തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ല. പ്രതിഷേധം കണ്ട് പിൻമാറില്ലെന്നും മന്ത്രി പറഞ്ഞു. കോടതി പറഞ്ഞാൽ മാത്രം പരിഷ്കരണത്തിൽ നിന്ന് പിൻമാറാം. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകാൻ കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകലാണെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രോണിക് വാഹനത്തിന് മാത്രമായി ഇന്ത്യയിൽ പ്രത്യേക ലൈസൻസ് ഇല്ലെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്കൂൾ മാഫിയകളാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ. മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂൾ മാഫിയ സംഘമുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരുമുണ്ട്. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.
