പെരുമാതുറ : മുതലപ്പൊഴിയിൽ മണൽ നീക്കം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പ്രവർത്തികൾ മന്ദഗതിയിൽ. മണൽ തിട്ട രൂപപ്പെട്ടുണ്ടാകുന്ന ശക്തമായ തിരയിലും ചുഴിയിലും പ്പെട്ടാണ് മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള മണൽ നീക്കത്തിന് വേഗത പോരന്ന പരാതി നേരത്തെ തന്നെ മത്സ്യത്തൊഴിലാളികൾ ഉയർത്തിയിരുന്നു. ഡ്രഡ്ജറെത്തിച്ച് മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവശ്യത്തിലും സർക്കാർ നിസ്സംഗത തുടരുകയാണ്. വിഴിഞ്ഞം ഹാർബറിലേക്ക് പാറ കൊണ്ടുപോകുന്നതിനായി തെക്കേ പുലിമുട്ട് പൊളിച്ച് വാർഫ് നിർമ്മിച്ച ഭാഗത്ത് പുലിമുട്ട് പുനർ നിർമ്മിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
മണ്ണ് മാന്തിയിലൂടെ കോരിയെടുക്കുന്നതിന്റെ ഇരട്ടിയായി അഴിമുഖത്തേക്ക് മണൽ ഒഴുക്ക് തുടരുകയാണ്. ഇടയ്ക്കിടെ യന്ത്രത്തിന്റെ പ്രവർത്തനം നിർത്തി വെക്കുന്നതും പ്രതിസന്ധി മൂർച്ചിക്കാനിടയാക്കി. തെക്കേ പുലിമുട്ട് ഭാഗത്ത് അഴിമുഖത്തിന് സമാന്തരമായി നിലവിൽ വലിയ തോതിൽ മണൽക്കൂന രൂപപ്പെട്ടിട്ടുണ്ട്. അഴിമുഖത്ത് രണ്ട് മീറ്റർ ആഴം പോലും നിലവില്ലെന്നും മത്സ്യതൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. കവാടത്തിൽ 6 മീറ്റർ താഴ്ചയിൽ 400 മീറ്റർ നീളത്തിൽ മണ്ണ് നീക്കിയാൽ മാത്രമെ വള്ളങ്ങൾക്ക് സുഗമമായി കടന്നുപോകാനാകൂ. ഏപ്രിൽ മാസത്തിൽ അദാനി കമ്പനിയുടെ കരാർ കാലവധി അവസാനിച്ചെങ്കിലും പൊഴി അപകടമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്കായി കാലാവധി രണ്ടു മാസം കുടി സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. കമ്പനിയുടെ മെല്ലെ പോക്ക് അപകടസാധ്യത വർധിപ്പിക്കുന്നു. മൺസൂൺ ആരംഭിക്കുന്നതോടെ കടലിൽ ശക്തമായ തിരമാലകളും അടിയൊഴുക്കുമുണ്ടാകും. ഇതോടെ അപകടസാധ്യതയേറും. തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവശ്യപ്പെട്ടവുമായി ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും ശക്തമായ പ്രതിഷേധത്തിന് നീങ്ങുകയാണ്.
