തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ അടുത്ത 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മേയ് 17 വരെ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള തീരത്ത് 0.5 മുതൽ 1.2 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് 0.7 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
