കല്ലമ്പലം : സ്കൂൾ വിദ്യാർഥിനിക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു; സഹപാഠികൾ നിരീക്ഷണത്തിൽ. നാവായിക്കുളം വെട്ടിയറ ഗവ. എൽ.പി.എസ്സിലെ വിദ്യാർഥിനിക്കാണ് എച്ച് 1 എൻ 1 ബധിച്ചതായി പരിശോധനാ റിപ്പോർട്ട് കിട്ടിയത്. കുട്ടി നിലവിൽ കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന് വിവരം കൈമാറിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ക്ലാസിലെ സഹപാഠികളായ ചിലർക്ക് പനിബാധയുണ്ടെന്ന് കണ്ടെത്തി. രണ്ട് കുട്ടികൾ കൂടി പനിബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ലാബ് പരിശോധന ഫലം ലഭിച്ചിട്ടില്ല. അതേ ക്ലാസിലെ മറ്റ് ചില കുട്ടികൾക്കും പനിയുടെ ചെറിയ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നാവായിക്കുളം പഞ്ചായത്ത് പരിധിയിൽ നേരത്തെ മുതിർന്നവർക്ക് എച്ച് 1 എൻ 1 റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പഞ്ചായത്തിൽ നിരവധി പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടെണ്ടതില്ലന്നും പനിബാധിച്ചൽ സ്വയം ചികിത്സക്ക് മുതിരാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
