ഷാർജ / തിരുവനന്തപുരം : നിരന്തരമായി വിമാന ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചു പ്രവാസികളുടെ നടുവൊടിക്കുന്ന സാഹചര്യത്തിൽ പോലും അദാനി ഗ്രൂപ്പിന്റെ തെറ്റായ നടപടിയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ടിൽ മാത്രം അമിതമായി ഈടാക്കുന്ന യൂസേഴ്സ് ഫീസ് ഉടൻ നിർത്തലാക്കണമെന്ന് ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അടിയന്തര എക്സിക്യൂട്ടീവ് കൂടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് അർഷദ് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കബീർ ചാന്നാങ്കര പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കെതിരെ വിമാന കമ്പനികളും കേന്ദ്രസർക്കാരുകളും നടത്തുന്ന ഇരട്ടത്താപ്പുകൾ അവസാനിപ്പിക്കണമെന്നും ഒരു പ്രവാസി മരണപ്പെട്ടാൽ ഡെഡ് ബോഡിയുടെ വെയിറ്റ് നോക്കി ഫീസ് ഇടാക്കുന്ന നടപടികൾ എല്ലാം നിർത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി റിസ മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ കല്ലറ, യാസീൻ പാളയം, എന്നിവർ സംബന്ധിച്ചു. ജില്ലാ ട്രഷറർ സിദ്ധീഖൽ ഖാസിമി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
