നേമം: 15കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിലായി. വള്ളംകോട് സ്വദേശി അച്ചു എന്നുവിളിക്കുന്ന ശ്രീഹരി (22) ആണ് പിടിയിലായത്. ഈമാസം 10ന് വൈകീട്ട് നാലിന് വെള്ളായണി ക്ഷേത്രത്തിനു സമീപമാണ് സംഭവം. വള്ളംകോട് സ്വദേശിയായ 15കാരനാണ് ആക്രമിക്കപ്പെട്ടത്. ഒരു സുഹൃത്തിനെ കാണാൻപോയി തിരികെ സ്കൂട്ടറിൽ വരുന്നവഴി മൂന്നംഗസംഘം വഴിയിൽ തടഞ്ഞുനിർത്തി മറ്റൊരു സ്കൂട്ടറിൽ കയറ്റി നിലമ ഭാഗത്തുള്ള ഒരു തോട്ടിന്റെ കരയിലെത്തിച്ചു.
മടൽ, കമ്പ് എന്നിവ ഉപയോഗിച്ച് മുതുകത്തും മുഖത്തും മർദ്ദിച്ചു. ഒരാൾ 15കാരനെ ചവിട്ടിത്തള്ളിയിട്ടു. പിന്നീട് ഒരാൾ ബിയർകുപ്പി പൊട്ടിച്ച് കുത്താൻ ആഞ്ഞു. പേടിച്ച 15കാരൻ അവിടെനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടെ പിന്തുടർന്നെത്തിയ പ്രതികൾ ബലമായി ഒരു വാഹനത്തിൽ കയറ്റി രഹസ്യസങ്കേതത്തിലെത്തിച്ച് മർദനം തുടർന്നു. അവശനായ 15കാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമായത്.
സ്ഥലത്തുനിന്നു രക്ഷപ്പെട്ട സംഘത്തിലെ ശ്രീഹരിയെ നേമം സി.ഐ രഗീഷ്കുമാർ, എസ്.ഐമാരായ എം. മധുമോഹൻ, ഷിജു, സി.പി.ഒമാരായ ഷിബു, സജീവ്, അർഷാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
