തിരുവനന്തപുരം∙ കടുത്ത ആശങ്ക ഉയർത്തി ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം വ്യാപകമായി പടർന്നുപിടിക്കുമ്പോഴും ഇരുട്ടിൽ തപ്പി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ ലോകത്തുതന്നെ അപൂർവമായ രോഗം എന്തുകൊണ്ടാണ് ജില്ലയിൽ പടർന്നു പിടിക്കുന്നതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പഠനം ത്വരിതപ്പടുത്താനോ ഉള്ള ഒരു തരത്തിലുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജില്ലയിൽ മൂന്നു മാസത്തിനിടയിൽ ഒട്ടേറെപ്പേർക്ക് രോഗബാധയുണ്ടായ സാഹചര്യത്തിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു നാളേറെയായിട്ടും ഐസിഎംആർ പഠനം ഉൾപ്പെടെ ഇതുവരെ തുടങ്ങിയിട്ടില്ല. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിൽ, പൈപ്പ് വെള്ളത്തിലും മണ്ണിലും പോലും അമീബയുടെ സാന്നിധ്യമുണ്ടാകാമെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നു മെല്ലെപ്പോക്ക് സമീപനമാണ് ഉണ്ടാകുന്നതെന്നു ജനപ്രതിനിധികൾ ഉൾപ്പെടെ ആരോപിക്കുന്നു. ആദ്യഘട്ടത്തിൽ രോഗം പടർന്നതിന്റെ ഉറവിടം എന്നു കരുതുന്ന കണ്ണറവിള കാവിൻകുളത്തിൽനിന്നു ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഫലം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അതിയന്നൂർ ഗ്രാമപഞ്ചായത്ത് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കഴിഞ്ഞ ദിവസം കത്തു നൽകി. ഈ കുളം രണ്ടു മാസമായി അടച്ചിട്ടിരിക്കുകയാണ്.
അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ ജലാശയങ്ങളിലെ വെള്ളത്തിന്റെ പരിശോധനാഫലം ഇതുവരെ ആരോഗ്യ വകുപ്പിനു ലഭിച്ചില്ലെന്നാണു മന്ത്രി പറയുന്നത്. രണ്ടു മാസം മുൻപു രോഗം തിരുവനന്തപുരത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്. പുതുച്ചേരിയിലെ ലാബിലാണ് സാംപിൾ പരിശോധിക്കുന്നത്. എന്നാൽ, അതോടൊപ്പം അയച്ച രോഗബാധിതരുടെയും രോഗം സംശയിക്കുന്നവരുടെയും സാംപിളുകളുടെ ഫലം ആരോഗ്യ വകുപ്പിനു ലഭിക്കുകയും ചെയ്തു. എന്തുകൊണ്ടാണു രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയുന്ന പരിശോധനാഫലം മാത്രം വൈകുന്നതെന്ന ചോദ്യത്തിനും മറുപടിയില്ല.
അപൂർവമായ അമീബിക് മസ്തിഷ്കജ്വരം ജില്ലയിൽ രണ്ടാം ഘട്ട വ്യാപനം തുടരുകയാണ്. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളിലാണു രോഗം റിപ്പോർട്ട് ചെയ്യുന്നത്. അതിയന്നൂർ, തിരുമല, നാവായിക്കുളം സ്വദേശികളായ നാലുപേർ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ഈ വർഷം ആദ്യം രോഗം പിടിപെട്ട കാഞ്ഞിരംകുളം കണ്ണറവിള സ്വദേശി അഖിൽ (27) ജൂലൈ 23ന് മരിച്ചു. തുടർന്നാണ് 10 പേർക്കു രോഗം സ്ഥിരീകരിച്ചത്. അവരെല്ലാം ആശുപത്രി വിട്ട ശേഷമാണ് നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു പേരും എസ്എടിയിൽ ഒരാളും ഉൾപ്പെടെ അഞ്ചുപേർ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നു ചികിത്സയിൽ കഴിയുന്നത്. രോഗത്തിന്റെ ഉറവിടം വ്യക്തമായി കണ്ടെത്താനോ അത്തരം ഉറവിടങ്ങളുമായി ബന്ധപ്പെടുന്നവർക്കു ജാഗ്രതാ നിർദേശം നൽകി നിരീക്ഷണം ഏർപ്പെടുത്താനോ കഴിയാത്ത അവസ്ഥയാണ് നിലവിൽ. കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കു പുറമേ തിരുമല സ്വദേശിനിയായ 31 വയസ്സുകാരിക്കും അതിയന്നൂർ മുള്ളുവിള സ്വദേശിനിയായ 27 വയസ്സുകാരിക്കുമാണു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇരുവർക്കും രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരുമല സ്വദേശിനിയും മുള്ളുവിള സ്വദേശിനിയും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. രണ്ടു മാസത്തിനിടെ 14 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്.
ശരിയായ മാർഗനിർദേശങ്ങൾ നൽകാനും ബോധവൽക്കരണ, പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാനും ജില്ലാ ആരോഗ്യ വിഭാഗത്തിനു പിഴവ് സംഭവിക്കുന്നു. അതിന്റെ അടുത്ത ഇരയാണ് കഴിഞ്ഞ ദിവസം പുല്ലമ്പാറയിൽനിന്ന് അമീബിക് മസ്തിഷ്കജ്വര ബാധിതയായി എസ്എടി ആശുപത്രിയിൽ ചികിത്സ തേടിയ ഒൻപതു വയസ്സുകാരി. അടുത്ത ബന്ധുക്കളോടുപോലും രോഗാവസ്ഥയോ വിവരങ്ങളോ പങ്കിടരുതെന്ന് ആശുപത്രി അധികൃതർക്കും കർശന നിർദേശമുണ്ട്. ആരോടു ചോദിക്കുമെന്നറിയാതെ കുഴയുകയാണ് നാട്ടുകാരും ജനപ്രതിനിധികളും. വിഷയത്തിൽ മറുപടി നൽകേണ്ട കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒരു തരത്തിലും പ്രതികരിക്കുന്നില്ല. ആർക്കും മറുപടി നൽകേണ്ടെന്ന് ആശുപത്രികൾക്കും നിർദേശം നൽകിയതായാണ് വിവരം. ജില്ലാ മെഡിക്കൽ ഓഫിസും ഫലപ്രദമായി ഇടപെടാത്ത അവസ്ഥയാണ്. ജനപ്രതിനിധികൾക്കു പോലും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തവിധം അകലം പാലിക്കുകയാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ മറുപടി നൽകേണ്ട ഉദ്യോഗസ്ഥർ. രോഗം പടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളെ കുറിച്ചുള്ള ചോദ്യത്തിന്, ആരോഗ്യ മന്ത്രിയോടു ചോദിക്കണമെന്നായിരുന്നു കലക്ടറുടെ മറുപടി. ജനങ്ങളുടെ ആശങ്കയകറ്റേണ്ട ജില്ലാ ഭരണകൂടവും ജില്ലാതല ഉദ്യോഗസ്ഥരും ചോദ്യങ്ങളിൽ നിന്നു മാറി നിൽക്കുന്നത് വീഴ്ച മറച്ചുപിടിക്കാനാണെന്ന ആരോപണവുമുണ്ട്.
പൈപ്പ് ജലത്തിലും മണ്ണിലും അമീബയുണ്ടാകാം
മലിനജലവുമായും ജലാശയങ്ങളുമായും ബന്ധപ്പെടാത്തവരിലും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിൽ ഗവേഷകർ അറിയിച്ചത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നതാണ്. സ്ഥിതി കൈവിട്ടു പോകാതിരിക്കാൻ അതീവജാഗ്രത പുലർത്തേണ്ട ഘട്ടമാണിത്. പൈപ്പ് വെള്ളത്തിലും മണ്ണിലും പോലും അമീബയുടെ സാന്നിധ്യമുണ്ടാകാമെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മണ്ണിലെ അമീബയെ അപേക്ഷിച്ച്, ജലത്തിലൂടെ പകരുന്നത് കൂടുതൽ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നു വിദഗ്ധർ പറയുന്നു. അന്തരീക്ഷത്തിലെ ചൂട് കൂടിയത് ഉൾപ്പെടെ കാലാവസ്ഥയിലുണ്ടായ മാറ്റം, മണ്ണിലും വെള്ളത്തിലുമുള്ള മാലിന്യത്തിന്റെ തോത് വർധിച്ചത്, കോവിഡനന്തര കാലത്ത് പ്രതിരോധശേഷി കുറഞ്ഞത് തുടങ്ങിയ സാഹചര്യങ്ങൾ അമീബിക് മസ്തിഷ്ക ജ്വരം കൂടാൻ കാരണമായിട്ടുണ്ടാകാമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതേപ്പറ്റി വിശദമായ പഠനം നടത്തുന്നത് ഇനിയും വൈകിയാൽ രോഗവ്യാപനം ഗുരുതരമാകാൻ സാധ്യതയുണ്ട്.
നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാം
അമീബിക് മസ്തിഷ്ക ജ്വരം നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നതാണ് ഏക ആശ്വാസം. രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ മെൽറ്റിഫോസിൻ എന്ന മരുന്നുപയോഗിച്ചു വേഗം ഭേദമാക്കാനാകും. പനി, തലവേദന, കഴുത്ത് തിരിക്കാൻ കഴിയാത്ത വിധം പിൻഭാഗം ദൃഡമാകുന്ന അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുള്ളവരിൽ നിർബന്ധമായി പരിശോധന നടത്തണം. അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 10 പേരെ രോഗമുക്തരാക്കാൻ സാധിച്ചു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മെൽറ്റിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞത്. ആഗോള തലത്തിൽ 97% മരണ നിരക്കുള്ള രോഗമാണിത്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. മസ്തിഷ്ക ജ്വരം സംശയിക്കുന്നവരിൽ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) നിർണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വീട്ടമ്മയുടെ തലച്ചോറിൽ എവിടെ നിന്നെത്തി അമീബ
നേരത്തേ 8 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അതിയന്നൂർ പഞ്ചായത്തിലെ മുള്ളുവിള സ്വദേശിനിയായ വീട്ടമ്മയ്ക്ക് രോഗം പിടിപെട്ടതിന്റെ കാരണവും ദുരൂഹമാണ്. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം മാത്രം ഉപയോഗിക്കുന്ന ഇവരുടെ തലച്ചോറിൽ എവിടെ നിന്നാണ് അമീബ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 25ന് പനി ബാധിച്ചതാണ് തുടക്കം. അപസ്മാരവുമുണ്ടായി. വീടിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനാൽ അടുത്ത ദിവസം വെൺപകൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും അന്നു തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സ തേടി. 28 മുതൽ ഈ മാസം 5 വരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു. ഭേദമായതിനെ തുടർന്ന് വീട്ടിലെത്തി. തുടർ പരിശോധനയ്ക്കായി 20ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവതിയെ അന്നു വീട്ടിലേക്കു വിട്ടെങ്കിലും 26ന് ആശുപത്രിയിൽനിന്നു വിളിച്ച് അഡ്മിറ്റ് ആകണമെന്നു നിർദേശിക്കുകയുമായിരുന്നു. അന്നു തന്നെ സാംപിൾ പരിശോധനയ്ക്കു നൽകി. തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ രോഗം പടർന്നതിന്റെ ഉറവിടം എന്നു കരുതുന്ന കണ്ണറവിള കാവിൻകുളത്തിൽനിന്ന് സാംപിൾ ശേഖരിച്ച് അയച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാർ ജില്ലാ കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഫലം പുറത്തു വിട്ടിട്ടില്ല.
