ഈ വർഷത്തെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ശാർക്കര ക്ഷേത്രം – പമ്പ, വർക്കല ക്ഷേത്രം – പമ്പ സർവീസുകൾ ആരംഭിച്ചു. സർവ്വീസുകളുടെ ഔപചാരിക ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവഹിച്ചു. ആറ്റിങ്ങൽ ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരും പാസഞ്ചർ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു. ശാർക്കര ക്ഷേത്രത്തിൽ നിന്നും രാത്രി 8.30 ന് ആരംഭിക്കുന്ന സർവ്വീസ് 08.45 ന് ആറ്റിങ്ങൽ എത്തും. വർക്കല ക്ഷേത്രത്തിൽ നിന്നും രാത്രി 7.15 ന് പമ്പ സർവ്വീസ് ആരംഭിക്കും. ശാർക്കര ക്ഷേത്രത്തിൽ നിന്നും വർക്കല ക്ഷേത്രത്തിൽ നിന്നും 266/- രൂപയാണ് പമ്പയിലേക്കുള്ള ടിക്കറ്റ് നിരക്ക്. രണ്ടു സർവ്വീസുകളിലും റിസർവ്വേഷൻ സൗകര്യം ലഭ്യമാണെന്നും. ടിക്കറ്റുകൾ ente ksrtc ആപ്പ് വഴിയും www.keralartc.com എന്ന സൈറ്റ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
