ആറ്റിങ്ങൽ : സിവിൽ സർവീസ് സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എംഎസ് സുഗൈതകുമാരി. അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജനുവരി 22ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന സൂചന പണിമുടക്കത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ആറ്റിങ്ങൽ മേഖലാതല സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശികയും പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, ‘മെഡിസെപ്പ്’ പദ്ധതി സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് സമര പ്രഖ്യാപന കൺവെൻഷൻ ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജോയിൻ്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡൻ്റ് എൽ. ലിജിൻ അദ്ധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ, തിരുവനന്തപുരം
നോർത്ത് ജില്ലാ പ്രസിഡന്റ് ആർ എസ് സജീവ്, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല,വൈസ് പ്രസിഡന്റ് വി. സന്തോഷ്,സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി. ബിജിന, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് മഞ്ജുകുമാരി കെ.വി, ജില്ലാ കമ്മിറ്റി അംഗം മനോജ്കുമാർ.എം, മേഖല സെക്രട്ടറി വർക്കല സജീവ് എന്നിവർ സംസാരിച്ചു.


