ആറ്റിങ്ങലിൽ പാടശേഖരം സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തുന്നതിനേരെ കർഷകസംഘം ആറ്റിങ്ങൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ആറ്റിങ്ങൽ കിഴക്കുംപുറം പൊന്നറ പാടശേഖരത്തിലെ 50 സെന്റോളം വരുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് കഴിഞ്ഞ ദിവസം മണ്ണിട്ട് നികത്തിയത്. ഇതിന് 4 മാസങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തി തന്റെ ഭൂമി മണ്ണിട്ട് നികത്താൻ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാർ ഇത് തടയുകയാരിയുന്നു. ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സെക്രട്ടറി എൻ. മോഹനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക സംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സെക്രട്ടറി
രാധാകൃഷ്ണൻ കുറുപ്പ് സ്വാഗതം ആശംസിച്ചു.
കർഷകസംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി. ദേവരാജൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ റ്റി. ദിലീപ്കുമാർ, സി.വി അനിൽകുമാർ, സതീഷ് കുമാർ, ജോയി തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
ആറ്റിങ്ങൽ നഗരസഭയുടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെട്ട നെൽപ്പാടമാണ് ഇത്തരത്തിൽ മണ്ണിട്ട് സ്വകാര്യ വ്യക്തി നികഞ്ഞുന്നതെന്നും ഈ സ്വകാര്യ വ്യക്തിക്ക് നിരവധി വീടുകളും ഭൂസ്വത്തുക്കളുണ്ടെന്നും അവയെല്ലാം വാടകക്ക് നൽകിയ ശേഷം തിരുവനന്തപുരത്ത് വീട് സ്വന്തമായി വാങ്ങി താമസിച്ചു വരുന്ന ആളാണെന്നും നാട്ടുകാർ
ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വയലുകൾ നികത്താൻ ഉദ്യോഗസ്ഥർ അനുവാദം കൊടുത്തതെന്ന് അന്വേഷിക്കണം. ഇത്തരത്തിൽ കുറഞ്ഞ വിലക്ക് വയലുകൾ വാങ്ങി മണ്ണിട്ട് നികത്തി കൂടിയ വിലയ്ക്ക് വിൽപ്പന നടത്തുന്നവർക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു
