തലസ്ഥാനത്തെ തണുപ്പിച്ച് വേനൽമഴ: പലയിടങ്ങളിലും വെള്ളക്കെട്ട്
കനത്ത വേനലിൽ തലസ്ഥാനത്തിന് ആശ്വാസമായി മഴയെത്തി. ഇന്നലെ രാവിലെ ആരംഭിച്ച മഴ വൈകിട്ട് വരെ തുടർച്ചയായി പെയ്തു. കാര്യമായ നാശനഷ്ടമുണ്ടായില്ല. ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. മഴയ്ക്ക് പിന്നാലെ അരുവിക്കര ഡാമിന്റെ 5 ഷട്ടറുകൾ ഉയർത്തി. ഓരോ ഷട്ടറുകളും 10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇന്നും മഴ തുടരും.
കരമന പാലം, പൂജപ്പുര, കുഞ്ചാലുംമൂട്, ഉള്ളൂർ ജംക്ഷൻ, മെഡിക്കൽ കോളജ് ചാലക്കുഴി റോഡ്, പാറ്റൂർ, കണ്ണമൂല, ശാസ്തമംഗലം , മരുതൻകുഴി , പഴവങ്ങാടി, അട്ടകുളങ്ങര ,മണക്കാട്, അമ്പലത്തറ, ആറ്റുകാൽ, ചാല തുടങ്ങി ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. മഴ മാറിയതിന് പിന്നാലെ വെള്ളക്കെട്ടിനും ശമനമുണ്ടായി. ശക്തമായ മഴ പെയ്തതിന് പിന്നാലെ അവധി ദിനത്തിലും നഗരത്തിൽ ഗതാഗതക്കുരുക്കുമുണ്ടായി.
