അമിതമായി വെള്ളം നിറച്ച് ടാങ്കർ ലോറികളുടെ യാത്ര: റോഡ് തകർച്ചയിൽ
അരുവിക്കര ഡാം മുതൽ സ്കൂൾ ജംക്ഷൻ വരെയുള്ള റോഡ് തകരുന്നതായി പരാതി. അരുവിക്കര ഡാം സൈറ്റിൽ നിന്നു ടാങ്കർ ലോറികളിൽ വെള്ളം നിറച്ച് പോകുമ്പോൾ ടാങ്കറിൽ നിന്ന് അമിതമായി വെള്ളം വീഴുന്നതു കാരണമാണ് റോഡ് തകരുന്നത്.കരകുളം മേൽപാലം നിർമാണം നടക്കുന്നതിനാൽ അരുവിക്കര സ്കൂൾ ജംക്ഷൻ വഴിയാണ് ഏതാണ്ട് 40 ടാങ്കർ ലോറികൾ രാവും പകലും ഓടുന്നത്. മുൻപ് ഇവ അഴിക്കോട് വഴിയാണ് പോയിരുന്നത്. അഴിക്കോട് ഭാഗത്ത് വളവുകളിൽ വെള്ളം റോഡിൽ വീണ് റോഡ് തകരുന്നുണ്ടായിരുന്നു. ആ ഭാഗത്ത് കൂടി പൈപ്പ് ലൈൻ കടന്ന് പോകുന്നില്ല. എന്നാൽ തിരുവനന്തപുരം സിറ്റിക്ക് ആവശ്യമായ ജലം കൊണ്ട് പോകുന്നത് അരുവിക്കര പഴയ പൊലീസ് പരിസരത്ത് സ്ഥാപിച്ച അമൃത് പദ്ധതി പ്രകാരമാണ്. ഈ പൈപ്പ് ലൈൻ കടന്ന് പോകുന്നത് അരുവിക്കര ജംക്ഷൻ, ഇരുമ്പ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, പിടിപി നഗറിലാണ്. ഈ റൂട്ടിലാണ് ടാങ്കർ ലോറികളും ഓടുന്നത്.വാട്ടർ അതോറിറ്റി അധികൃതർ ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ റോഡ് തകർന്ന് ഈ പൈപ്പ് ലൈൻ പൊട്ടാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു.
