റെയിൽവേ മേൽപാല നിർമാണസ്ഥലത്ത് നിന്ന് അഞ്ച് ടൺ കമ്പി മോഷ്ടിച്ചതായി പരാതി
റെയിൽവേ മേൽപാല നിർമാണ സ്ഥലത്ത് നിന്ന് അഞ്ച് ടൺ കമ്പി മോഷ്ടിച്ചതായി പരാതി. പരശുവയ്ക്കലിൽ മേൽപാല നിർമാണം നടക്കുന്ന പണിസ്ഥലത്ത് നിന്ന് കഴിഞ്ഞ 9ന് രാത്രി ആണ് മോഷണം നടന്നത്. നെയ്യാറ്റിൻകര, അമരവിള ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ മാസം 24, 26 തീയതികളിൽ മോഷണം നടന്നിരുന്നു. 9ന് രാത്രി പിക്കപ് വാനിൽ കമ്പിയും ഷീറ്റും കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന സ്ഥലങ്ങളിൽ ഇടറോഡു വഴി ആണ് സാധനങ്ങൾ കൊണ്ടു പോയിരിക്കുന്നത്. 10 ന് രാവിലെ ജോലിക്ക് എത്തിയ തൊഴിലാളികൾ ആണ് മുറിച്ച് അടുക്കി സൂക്ഷിച്ചിരുന്ന കമ്പി കാണാതായ വിവരം നിർമാണ കമ്പനി അധികൃതരെ അറിയിച്ചത്.
കനം കൂടിയ കമ്പികൾ ആണ് കാണാതായതിൽ അധികവും. മോഷണ സംഘത്തിൽ അഞ്ചു പേരോളം ഉണ്ടായിരുന്നതായി സംശയിക്കുന്നു. തട്ട് നിർമിക്കുന്ന ഷീറ്റ് അടക്കം നിർമാണ സാധനങ്ങൾ മോഷണം പോകുന്നത് ജോലി വൈകുന്നതിനു ഇടയാക്കും. പാറശാല പൊലീസിൽ പരാതി നൽകി.
