എ.പി.ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല (കെടിയു), ദേശീയ ആരോഗ്യ മിഷനുമായി (എൻഎച്ച്എം) സഹകരിച്ച് ഗ്ലോബൽ ഡെവലപ്പർ കോർപ്സ് (ജി ഡി സി) എഐ വർക്ക്ഫോഴ്സ് സ്കീം നടപ്പിലാക്കാൻ ധാരണാപത്രം ഒപ്പിട്ടു .ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സർക്കാർ, സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളേയും സംയോജിപ്പിച്ചു കൊണ്ട് ‘കേരള കെയർ’ പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിക്കും .
ഇതിനായി ഐ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് രോഗികളുടെ ഡാറ്റ പങ്കിടുന്നതിനും പാലിയേറ്റീവ് കെയറിന്റെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്നതിനും ഗ്രിഡ് നെറ്റ്വർക്ക് സഹായിക്കുന്നു.
എഐ സാങ്കേതിക വിദ്യ യുടെ സാദ്ധ്യതകൾ ഈ മേഖലയിൽ വിനിയോഗിക്കാനായി സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള വിദ്യാർത്ഥികളെ ഈ പരിശീലനത്തിലൂടെ നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്വെയർ വികസനത്തിനു വിദ്യാർത്ഥികൾ സജ്ജരാകുമെന്നും അത് വഴി കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മികച്ച മുന്നേറ്റം നേടുമെന്നും ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു
ജിഡിസി എഐ വർക്ക്ഫോഴ്സ് സ്കീം വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പഠന പാതകൾ രൂപകൽപ്പന ചെയ്തിരിക്കുന്നു:
*ഫെലോഷിപ്പ് ട്രാക്ക് (സൗജന്യ, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്)
*ലേണിംഗ് ട്രാക്ക് (നാമമാത്രമായ ഫീസിൽ 6 മാസത്തെ കോഴ്സ്)
*സ്കോളർഷിപ്പ് ട്രാക്ക് (സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്, പൂർണ്ണമായും സ്കോളർഷിപ്പോടെ നൽകുന്നത്)
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ഹെൽത്ത് മിഷനിൽ ഇന്റേൺഷിപ്പിനും പ്രതിമാസം ₹27,000 രൂപ വരെ സ്റ്റൈപെൻഡ് ലഭിക്കുന്നതിനും അർഹരാണ്. പ്രോഗ്രാം പൂർത്തിയാക്കുന്ന ആദ്യത്തെ 40 വിദ്യാർത്ഥികൾക്ക് കേരള പാലിയേറ്റീവ് കെയർ ഗ്രിഡിൽ എഐ – പവർഡ് ഹെൽത്ത്കെയർ സൊല്യൂഷനുകളിലേക്ക് ആറ് മാസത്തെ ഇന്റേൺഷിപ്പിനുള്ള അർഹത ലഭിക്കും.
“പ്യൂപ്പിൾഫസ്റ്റിന്റെ എഐ അധിഷ്ഠിത പരിശീലനത്തിന്റെ പിന്തുണയോടെ കെടിയുവും എൻഎച്ച്എമ്മും തമ്മിലുള്ള സഹകരണം, സാങ്കേതിക വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണ ത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്” എന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് പറഞ്ഞു.
ചടങ്ങിൽ എംഎൽഎയും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. ഐ.ബി. സതീഷ്, രജിസ്ട്രാർ ശ്രീമതി ബിന്ദുകുമാരി കെ, ഡയറക്ടർ ഡോ. ലിബീഷ് ആർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിജു, പ്യൂപ്പിൾഫസ്റ്റിൽ നിന്നും ശ്രീ. രഞ്ജിത്ത് ബാലാജി, ശ്രീ. ബോധിഷ് തോമസ് എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഈ സംരംഭം കേരളത്തെ എ ഐ-അധിഷ്ഠിത ആരോഗ്യ സംരക്ഷണത്തിന്റെ ഒരു കേന്ദ്രമാക്കി മാറ്റുമെന്നും ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ.ഐ ബി സതീഷ് എംഎൽ എ പറഞ്ഞു , ഈ പരിശീലനത്തിലൂടെ വിദ്യാർത്ഥികൾ നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്വെയർ വികസനത്തിൽ സജ്ജരാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
