നിയമസഭാ സമുച്ചയ പരിസരത്ത് പാഴ്വസ്തു സംഭരണ കേന്ദ്രം.
നിയമസഭാ സമുച്ചയ പരിസരത്ത് പാഴ്വസ്തു സംഭരണ കേന്ദ്രം (മെറ്റീരിയിൽ കലക്ഷൻ ഫെസിലിറ്റി– എംസിഎഫ്) ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. 550 ചതുരശ്ര അടി വിസ്തീർണത്തിൽ 15 ലക്ഷം രൂപ ചെലവിട്ടാണ് സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ക്ലീൻ കേരള കമ്പനി ഈ കേന്ദ്രം നിർമിച്ചത്. നിയമസഭാ മന്ദിരത്തിലെ വിവിധ ഓഫിസുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഇവിടെ സംഭരിക്കും.സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷനാകും.റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സർക്കാർ കെട്ടിടങ്ങളിൽ നിർമിക്കുന്ന അഞ്ചാമത്തെ പാഴ്വസ്തു സംഭരണ കേന്ദ്രമാണിത്. വികാസ്ഭവൻ, തദ്ദേശ വകുപ്പിന്റെ ആസ്ഥാനമായ നന്ദൻകോട്ടെ സ്വരാജ് ഭവൻ, മ്യൂസിയത്തിനു സമീപത്തെ പബ്ലിക് ഓഫിസ്, വഴുതക്കാട്ടെ വനം വകുപ്പ് ആസ്ഥാനം, വെള്ളായണി കാർഷിക കോളജ് എന്നിവിടങ്ങളിൽ ഇങ്ങനെ കേന്ദ്രങ്ങൾ നിർമിച്ചിരുന്നു. സർക്കാർ സമുച്ചയങ്ങളിൽ ഇത്തരം സംഭരണ കേന്ദ്രങ്ങൾ നിർമിക്കാൻ 4.5 കോടി രൂപയും സംസ്കരണ കേന്ദ്രങ്ങൾ നിർമിക്കാൻ 49 കോടി രൂപയും റീബിൽഡ് കേരള പദ്ധതിയിൽ അനുവദിച്ചിരുന്നു.ആകെ 38 സംഭരണ കേന്ദ്രങ്ങൾക്ക് അനുമതി ലഭിച്ചതിൽ 32 സ്ഥലങ്ങളിൽ ഇവ നിർമിച്ചു കഴിഞ്ഞു.
