തിരുവനന്തപുരം∙ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സോഫ്റ്റ്വെയർ എൻജിനീയർ എം.എസ്.നീതുവിന്റെ 9 വിരലുകൾ നീക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ ശസ്ത്രക്രിയ നടത്തിയ ആശുപത്രി അധികൃതരുടെ വീഴ്ചകളെക്കുറിച്ച് പരാമർശമില്ല. കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കു കൊഴുപ്പ് ശ്വാസകോശത്തിലെത്തുന്ന അവസ്ഥ (പൾമനറി എംബോളിസം) ഉണ്ടാകാം. ആശുപത്രിയിൽനിന്നു മടങ്ങിയ നീതു പിറ്റേന്ന് ആരോഗ്യപ്രശ്നങ്ങളുമായി എത്തിയപ്പോൾ ആദ്യം സംശയിക്കേണ്ട അവസ്ഥ അതായിരുന്നെന്നു ചില ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
നീതുവിനെ വൈകിട്ടാണു കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റിയതെന്നു മാത്രമേ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. രക്തസമ്മർദം കുറയുമ്പോൾ അഡ്രിനാലിൻ, നോർ അഡ്രിനാലിൻ മരുന്നുകൾ കുത്തിവയ്ക്കാറുണ്ട്.
രക്തസമ്മർദം സാധാരണ നിലയിലാകാൻ തുടർച്ചയായി 2 മരുന്നുകളും കുത്തിവയ്ക്കുമ്പോൾ കൈയിലെയും കാലിലെയും വിരലുകളിലെ രക്തയോട്ടം നിലയ്ക്കാം. കുറെക്കാലത്തേക്ക് ഈ അവസ്ഥ ഉണ്ടായാൽ ആ ഭാഗം മുറിക്കേണ്ടിവരാം. ഹൃദയാഘാതത്തെ നേരിട്ട നീതുവിന്റെ രക്തസമ്മർദം സാധാരണനിലയിലാകാനുള്ള മരുന്നുകൾ കുത്തിവച്ചതാകാം വിരലുകൾ മുറിക്കേണ്ട സാഹചര്യത്തിൽ എത്തിയതെന്നാണു സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വകുപ്പുകളിലെ മേധാവിമാർ ഉൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ജില്ലാ മെഡിക്കൽ ഓഫിസർ നീതുവിന്റെ കുടുംബത്തിനു കഴിഞ്ഞദിവസം ഈ റിപ്പോർട്ട് കൈമാറിയിരുന്നു.
മെഡിക്കൽ റിപ്പോർട്ടിൽ പറയുന്ന മറ്റു കാര്യങ്ങൾ
|ഫെബ്രുവരി 22: കൊഴുപ്പു നീക്കൽ ശസ്ത്രക്രിയ നടത്തി. വയറിലെ കൊഴുപ്പു നീക്കി. ഈ കൊഴുപ്പ് പിൻഭാഗത്തു കുത്തിവച്ചു. വയറിനു താഴെയുള്ള ഭാഗത്തെ മാംസം നീക്കി. രാവിലെ 9.30ന് ആരംഭിച്ച ശസ്ത്രക്രിയ 2.45നാണ് അവസാനിച്ചത്.
ഫെബ്രുവരി 24: രാവിലെ 9.30നു നീതു കോസ്മറ്റിക് ആശുപത്രിയിൽ എത്തി. തലകറക്കവും ഛർദിയും അമിതമായ നെഞ്ചിടിപ്പും ഉള്ളതായി അധികൃതരെ അറിയിച്ചു. ആ സമയം രക്തസമ്മർദം 70/45. ഹൃദയമിടിപ്പ് മിനിറ്റിൽ 120 എന്ന തോതിൽ. ചികിത്സയിലൂടെ രക്തസമ്മർദം 78/50ൽ എത്തി. വൈകാതെ ഉയർന്ന ഹൃദയമിടിപ്പ് 130/മിനിറ്റിൽ എത്തി. അത്യാവശ്യ ചികിത്സകൾ നൽകി. ഉച്ചകഴിഞ്ഞ് 3.20നു രക്തം മാറ്റാൻ തുടങ്ങി. വൈകിട്ട് 4.45ന് ബിപി 70/45ൽ.
ഹൃദയമിടിപ്പ് മിനിറ്റിൽ 138ൽ എത്തി. തുടർന്ന് ഓക്സിജൻ നൽകി. പക്ഷേ, 5.30നു കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. ആരോഗ്യാവസ്ഥ വഷളായതിനാൽ 7 മണിയോടെ ഉയർന്ന സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. സ്വകാര്യ ആശുപത്രിയിൽ വച്ചാണു ഹൃദയാഘാതം ഉണ്ടായത്. അന്നു മുതൽ മാർച്ച് 19 വരെ നീതു തീവ്രപരിചരണ വിഭാഗത്തിലായിരുന്നു
