തിരുവനന്തപുരം : സ്‌റ്റേഷൻ വികസനത്തിൽ മാത്രമൊതുങ്ങാതെ കൂടുതൽ ട്രെയിനുകൾ ചിറയിൻകീഴിൽ നിർത്തിയാലെ യാത്രക്കാർക്കു പ്രയോജനം ലഭിക്കുകയുള്ളൂവെന്ന ആവശ്യവുമായി എംപിയും എംഎൽഎയും. എന്നാൽ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനിന്ന് പ്രവർത്തിച്ചാലെ വികസനം യാഥാർഥ്യമാവൂ എന്ന് മറുപടിയുമായി കേന്ദ്രമന്ത്രി.
അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിനു സമർപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളന വേദിയിലാണു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, അടൂർ പ്രകാശ് എംപി, വി.ശശി എംഎൽഎയും വികസനത്തിന്റെ പേരിൽ തർക്കിച്ചത്. രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകൾ രാജസ്ഥാനിലെ ബിക്കാനീറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്.
രാഷ്ട്രീയപ്പാർട്ടി എന്നത് തിരഞ്ഞെടുപ്പിനുവേണ്ടി മാത്രമാണെന്നും ഇതു കഴിഞ്ഞാൽ വികസനത്തിനായി എല്ലാവരും രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണമെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചവരും പരാജയപ്പെട്ടവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്തിനു മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. മറിച്ചായാൽ നഷ്ടം ജനങ്ങൾക്കു മാത്രമാണ്. റെയിൽവേ മന്ത്രാലയത്തിൽനിന്ന് കേരളത്തിനു മികച്ച പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. എഴുപത്തിയേഴ് മേൽപ്പാലങ്ങളാണു പുതുതായി കേരളത്തിൽ അനുവദിച്ചത്. ഇതിൽ 55 എണ്ണവും കേന്ദ്ര സർക്കാർ മുഴുവൻ തുകയും ചെലവഴിച്ചാണ് നിർമിക്കുന്നത്. ചില സ്ഥലങ്ങളിൽ മേൽപ്പാലത്തിനു കല്ലിടാൻ ചെല്ലുമ്പോൾ റെയിൽവേ ഉദ്യോഗസ്ഥരെ തടയുകയാണ്. ഇത്തരം പദ്ധതികൾ പൂർത്തീകരിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ലായെന്നു എംപിമാരും എംഎൽഎമാരും ആത്മപരിശോധന നടത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ചിറയിൻകീഴിൽ കൂടുതൽ സ്റ്റോപ്പുകളാവശ്യപ്പെട്ട് പലതവണ റെയിൽവേയെ സമീപിച്ചുവെങ്കിലും പരശുറാം എക്സ്‌പ്രസിനു മാത്രമാണ് സ്റ്റോപ്പ് കിട്ടിയതെന്നും ഈ അവസ്ഥ മാറേണ്ടതുണ്ടെന്നുമായിരുന്നു അടൂർ പ്രകാശ് എംപി നേരത്തേ പറഞ്ഞത്. കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യമാണ് വി.ശശി എംഎൽഎയും ഉന്നയിച്ചത്.
ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹിദ്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ല്യാൽ തുടങ്ങിയവരും പങ്കെടുത്തു.
