വിതുര∙ ആദിവാസി ഉന്നതികളിൽ വന്യമൃഗങ്ങളുടെ ശല്യം പതിവായതോടെ ലക്ഷങ്ങളുടെ നഷ്ടം പേറി ആദിവാസി ഉന്നതി നിവാസികൾ. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, കരടി, കുരങ്ങ് എന്നിവ ആദിവാസി ഉന്നതികളിലെ ജീവനും സ്വത്തിനും ഭീഷണിയായി തുടങ്ങിയിട്ടു കാലമേറെയായി. ചിലയിടത്ത് പുലിയും ഭീഷണിയാണ്. രാത്രി കാലങ്ങളിൽ ഇവ വനത്തിൽ നിന്നിറങ്ങി വീടുകളുടെ പിന്നാമ്പുറങ്ങളിൽ എത്തുന്നതാണ് ഉന്നതി നിവാസികളെ ഭീതിയിലാഴ്ത്തുന്നത്.
പഞ്ചായത്തിലെ പൊടിയക്കാല, കുട്ടപ്പാറ, പച്ചവീട്, ഒരുപറ, ചെമ്പിക്കുന്ന്, അല്ലത്താര, തലത്തൂതക്കാവ്. മുരിക്കിൻകാല, വേങ്ങാത്താര, മണിതൂക്കി, തച്ചരുകാല, വലിയകാല, ചെമ്മാൻകാല, കല്ലുപാറ, മൊട്ടമൂട്, കൊങ്ങൻമരത്തുംമൂട്, നാരകത്തിൻകാല, അറവലക്കരിക്കകം, ശാസ്താംപാറ, കല്ലുപാറ, ചെറു മണലി, മുത്തിക്കോവിൽ, വയലിൽപ്പുല്ല്, ആറാനക്കുഴി എന്നിവിടങ്ങളിൽ സ്ഥിരമായി വന്യമൃഗ ശല്യം പതിവാണ്.
ഒരുപറയിലെ അര ഏക്കർ സ്വകാര്യ പുരയിടത്തിൽ കാട്ടാനക്കൂട്ടം വിതച്ചത് 2 ലക്ഷം രൂപയുടെ നാശമാണ്.
ശല്യം രൂക്ഷമായിട്ടും പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. പാട്ട കൊട്ടലും പടക്കം പൊട്ടിക്കലും ഉൾപ്പെടെയുള്ള വിദ്യകളാണു ഇപ്പോഴും ഇവർ പ്രയോഗിക്കുന്നത്. കുപ്പികൾ അടുത്തടുത്തായി ചേർത്തു തൂക്കിയിട്ടു അതിൽ നിന്നു വരുന്ന ശബ്ദം ഉപയോഗിച്ചു മൃഗങ്ങളെ അകറ്റുന്ന രീതിയും ഉന്നതികളിലുണ്ട്.
ചിലയിടത്തു കിടങ്ങുകൾ ഉണ്ടെങ്കിലും എല്ലായിടത്തും ഈ സംവിധാനം ഇല്ല. വൈദ്യുതി വേലികളും വിരളമായേ ഉള്ളൂ. പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആദിവാസി സംഘടനകൾ അടക്കം ആവശ്യപ്പെടുന്നു.
മടങ്ങണം, ഇരുട്ട് വീഴും മുൻപേ
വിതുര∙ ആദിവാസി ഉന്നതികളിൽ നിന്നു പുറത്തേക്കു വിവിധ ജോലികൾക്കായും പഠനത്തിനും എത്തുന്നവർ ഇരുട്ട് വീഴും മുൻപേ ഊരിൽ മടങ്ങി എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇരുട്ടിയാൽ വഴിയിൽ കാട്ടാനകളും കാട്ടുപോത്തും ഇറങ്ങി നിൽക്കും. വാഹനത്തിൽ വന്നാലും വാഹനം റെയ്സ് ചെയ്തു ശബ്ദം ഉണ്ടാക്കി മൃഗങ്ങളെ അകറ്റാൻ ശ്രമിച്ചാലും രക്ഷയില്ല. വൈകിട്ട് 6 നു മുൻപേ ജോലി കഴിഞ്ഞു മടങ്ങുകയാണു പലരുടെയും രീതി.
കരടി ഭീതി നീങ്ങാതെ തച്ചരുകാല ഉന്നതി
വിതുര∙ ജോലിക്കു പോകാനിറങ്ങിയ തച്ചരുകാല ഉന്നതിയിലെ ശിവദാസൻ കാണിക്കു കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റത് രണ്ട് വർഷം മുൻപാണ്
. ഇപ്പോഴും പ്രദേശത്ത് നിന്നും കരടി ഭീതി വിട്ടുമാറിയിട്ടില്ല. തേൻ ഉൽപാദനത്തിനായി പെട്ടികൾ സ്ഥാപിച്ചിരിക്കുന്നതിനു സമീപം കരടി വരുന്നത് പതിവാണ്. പലപ്പോഴായി തേൻപെട്ടികൾ കരടി തകർത്തിട്ടുണ്ട്.
വന വിഭവങ്ങൾ ശേഖരിച്ചും തേൻ കൃഷി ചെയ്തും ഉപജീവനം നടത്തുന്ന ജന വിഭാഗത്തിന് കരടിയുടെ സാന്നിധ്യം വലിയ ബുദ്ധിമുട്ടാണ്. കരടി ഭീതി അകറ്റാൻ അടിയന്തര നടപടി കൊണ്ടു വരുമെന്ന് വനം വകുപ്പ് അന്ന് ഉറപ്പ് പറഞ്ഞെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
ചക്ക തിന്നാനും തേൻ തേടിയും എത്തുന്ന കരടി ഭീതി പരത്തിയതോടെ മുന്നോട്ടുള്ള ജീവിതവും ഉന്നതി നിവാസികളെ സംബന്ധിച്ചു ദുഷ്കരമായി. മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നാണു പൊതുവായ ആവശ്യം.
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് ഉൾപ്പെടെയുള്ളവയുടെ ആക്രമണവും മേഖലയിൽ ഭീഷണിയാണ്.
