നെടുമങ്ങാട് : പഞ്ചായത്തിലെ കുണ്ടയത്തുകോണത്ത് വവ്വാൽ ശല്യം രൂക്ഷം. പ്രദേശത്തെ ആഞ്ഞിലുകളിലും സമീപത്തെ റബർ മരങ്ങളിലുമായി തൂങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വവ്വാലുകൾ. ഇവ വീടും പരിസരവും കിണറുകളും വൃത്തികേടാക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടികൾക്ക് ഉൾപ്പെടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്തെ 20 ഓളം കുടുംബങ്ങൾക്ക് വവ്വാലുകളുടെ ശല്യം തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി.
പകൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ രാത്രി ആകുമ്പോൾ ബഹളം തുടങ്ങുമെന്നും പ്രദേശവാസികൾ പറഞ്ഞു. പടക്കം പൊട്ടിച്ചാണ് പ്രദേശവാസികൾ ഇവയെ ഓടിക്കുന്നത്. പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ഉടനടി പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
