തിരുവനന്തപുരം : എസ്എഫ്ഐക്കാർ കാമ്പസിനുള്ളിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഗവ. ലോ കോളേജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം. സ്തൂപത്തിൽ കെഎസ്യു പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു എന്നാരോപിച്ച് കെഎസ്യു യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്ഐക്കാർ മർദിച്ചു.
അനുമതിയില്ലാതെ കാമ്പസിനുള്ളിൽ എസ്എഫ്ഐ രക്തസാക്ഷി മണ്ഡപം പണിതതിനെതിരേ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ സ്തൂപം പൊളിച്ചുമാറ്റണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവ് വരികയും ചെയ്തു. എന്നാൽ ശനിയാഴ്ചത്തെ രക്തസാക്ഷി ദിനാചരണ പരിപാടികളുമായി മുന്നോട്ടു പോവുകയായിരുന്നു എസ്എഫ്ഐ യൂണിറ്റ്.
ഇതിനിടെ ഉച്ചയോടെ കെഎസ്യു പ്രവർത്തകർ സംഘടിച്ചെത്തി സ്തൂപത്തിൽ കരി ഓയിൽ ഒഴിച്ചു. ഇതാണ് സംഘർഷത്തിനിടയാക്കിയത്. കെഎസ്യു യൂണിറ്റ് സെക്രട്ടറി അമൽ ശങ്കറിന് മർദനമേൽക്കുകയും ചെയ്തു. ഇരുവിഭാഗങ്ങളും സംഘടിച്ചതോടെ മ്യൂസിയം പോലീസ് സ്ഥലത്തെത്തി.
രക്തസാക്ഷി മണ്ഡപ നിർമാണത്തിന് അനുമതിയില്ലാതിരുന്നിട്ടും കോളേജ് യൂണിയൻ ഭാരവാഹികൾ അവധിദിവസമായ കഴിഞ്ഞ ഞായറാഴ്ച നിർമാണ സാധനങ്ങളുമായി കാമ്പസിലെത്തിയത് വിവാദമായിരുന്നു. കോളേജ് അധികൃതർ തടഞ്ഞിട്ടും എസ്എഫ്ഐ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു.
ഇതോടെയാണ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ അൽ സഫർ, വേണുഗോപാൽ, സഫർ ഗഫൂർ, അർജുൻ എന്നീ വിദ്യാർഥികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരം സർക്കാർ ലോ കോളേജ് അങ്കണത്തിൽ എസ്എഫ്ഐ പ്രവർത്തകർ അനുവാദമില്ലാതെ നിർമിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കോളേജിലെ വിദ്യാർഥിയായ എസ്. അക്ഷയ് കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് ഇടക്കാല ഉത്തരവ്. സർക്കാരിന്റെയോ കോളേജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് നിർമാണം എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഹർജി ഫെബ്രവരി ആറിന് വീണ്ടും പരിഗണിക്കും.
