നെടുമങ്ങാട് : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരായ പാലോട് എക്സ് സർവീസ്മെൻ കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്റെ ഭാര്യ സുജാത (65), സുനിത (58), കെഎസ്ആർടിസി ബസിലെ യാത്രക്കാരി ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നെടുമങ്ങാട് ആനാട് നാഗച്ചേരിക്കുസമീപം അപകടം നടന്നത്. വിതുര ഡിപ്പോയിലെ ജെഴ്സി ഫാമിൽ നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസും എതിർദിശയിൽ എത്തിയ കാറുമാണ് അപകടത്തിൽപ്പെട്ടത്. കാർ പാലോട് ഭാഗത്തേക്കു പോവുകയായിരുന്നു.
കാറിന്റെ മുൻവശം പൂർണമായും ബസിന്റെ മുൻവശം ഭാഗികമായും തകർന്നു. കാർ ഓടിച്ചിരുന്ന പ്രദീപ് കുമാറിന്റെ വാരിയെല്ലിനു പൊട്ടൽ ഉണ്ട്. കെഎസ്ആർടിസി ഡ്രൈവർ സൈദാലിക്കും പരിക്കുകളുണ്ട്. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുധീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
