കാട്ടാക്കട : വീട്ടുകാർ പുറത്തുപോയിരുന്നപ്പോൾ വീടിന് തീപിടിച്ചു. ഗൃഹോപകരണങ്ങൾ ഉൾപ്പെടെയെല്ലാം തീകത്തി നശിച്ചു.
കാട്ടാക്കട കിള്ളി കുളത്തുമ്മൽ സി.എസ്.ഐ. പള്ളിക്കുസമീപത്തെ ഷാജിയുടെ ഇരുനിലവീട്ടിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപ്പിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് വീട്ടുകാർ എത്തുമ്പോഴേക്കും നാട്ടുകാർ കാട്ടാക്കട അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചിരുന്നു. വീടിന്റെ മുൻവാതിൽ തകർത്താണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ഉള്ളിൽ കയറിയത്.
വീട്ടുകാരും സേനയും എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രേഖകളും, വസ്ത്രങ്ങളും, ഫർണിച്ചർ, വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളുമൊക്കെ കത്തിപ്പോയി. വയറിങ്ങിലൂടെ തീ പടർന്ന് രണ്ടാംനിലയും കത്തിയിരുന്നു. അടുക്കളയിലെ പാചകവാതക സിലിൻഡർ സേന എടുത്തു പുറത്തിട്ടതിനാൽ വൻ അപകടം ഒഴിവായി.വീടിനോടുചേർന്ന് ഫർണിച്ചർ സ്ഥാപനം ഉൾപ്പെടെ കെട്ടിടങ്ങളും ഉണ്ടായിരുന്നെങ്കിലും സേനയുടെ സമയോചിതമായ ഇടപെടലിൽ തീ അങ്ങോട്ട് പടരാതെ നിയന്ത്രിക്കാനായി. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
