തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തുടക്കം തന്നെയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരം സന്ദർശനം. തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിക്ക് ആവേശ്വജ്ജല സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. തമ്പാനൂർ ഓവർബ്രിഡ്ജ് മുതൽ പുത്തരിക്കണ്ടം മൈതാനംവരെ റോഡ് ഷോ നടത്തിയശേഷമാണ് നരേന്ദ്രമോദി സമ്മേളനത്തിനെത്തിയത്.
രാവിലെ 10.30-ന് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി 11 മണിയോടെ ഓവർബ്രിഡ്ജ് ജങ്ഷനിലെത്തി. വാദ്യമേളങ്ങൾ, പൂക്കാവടികൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ ഒരുക്കിയ ആഘോഷപൂർവമായ അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രി എത്തിയത്. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കു നടുവിൽ മണിക്കൂറുകൾ കാത്തിരുന്നാണ് പ്രവർത്തകർ നരേന്ദ്രമോദിയെ സ്വീകരിച്ചത്.
രാവിലെ ഒൻപത് മണിമുതൽ പ്രവർത്തകർ പ്രധാന റോഡിന്റെ ഇരുവശത്തും തിങ്ങിനിറഞ്ഞിരുന്നു. പാർട്ടി പതാകകളും മോദിയെ സ്വാഗതംചെയ്തുകൊണ്ടുള്ള വെൽക്കം പിഎം മോദി, വെൽക്കം മോദിജി തുടങ്ങിയ ബോർഡുകളും ബാനറുകളും ചിത്രങ്ങളും ഉയർത്തിയാണ് പ്രവർത്തകർ കാത്തുനിന്നത്. റോഡിന്റെ ഇരുവശത്തും രണ്ടുനിര ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പോലീസ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്.
10 മണിയോടെ മുദ്രാവാക്യംവിളികളോടെ പ്രവർത്തകർ റോഡ് നിറഞ്ഞു. 11 മണിക്ക് ഓവർബ്രിഡ്ജ് ജങ്ഷനിലെത്തിയ നരേന്ദ്രമോദി ഔദ്യോഗിക വാഹനത്തിന്റെ വാതിലിന്റെ പടിയിൽ ചവിട്ടിനിന്ന് പ്രവർത്തകരെ അഭിവാദ്യംചെയ്തു. ഇതോടെ ‘മോദി.. മോദി’ വിളികളാൽ ആരവമുയർത്തി പ്രവർത്തകർ ആവേശത്തിലായി. പൂക്കൾ വാരിവിതറിയാണ് അവർ അദ്ദേഹത്തെ സ്വീകരിച്ചത്. തകരപ്പറമ്പ് ഭാഗത്തുനിന്ന് പവർഹൗസ് റോഡിലേക്കു തിരിഞ്ഞ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റെയിൽവേ സ്റ്റേഷന്റെ പുറകിലെ റോഡിലൂടെ പുത്തരിക്കണ്ടത്തേക്കു പ്രവേശിച്ചു.
: പ്രധാനമന്ത്രി പങ്കെടുത്ത രണ്ടു ചടങ്ങുകൾക്ക് പുത്തരിക്കണ്ടം മൈതാനത്ത് അടുത്തടുത്ത് രണ്ടു വേദി. റെയിൽവേയുടേതടക്കം വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയും ഗവർണറും മന്ത്രിയും ഉദ്യോഗസ്ഥരുമൊക്കെ പങ്കെടുക്കുന്നതിനാലും സർക്കാർ പരിപാടിയായതിനാലുമാണ് പ്രത്യേകം വേദിയൊരുക്കിയത്. ഇതിന് സെൻട്രൽ സ്റ്റേഡിയം റെയിൽവേ ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കം നടക്കുന്നതിനാൽ സർക്കാർ അനുമതി നിഷേധിച്ചു.
ഇതോടെയാണ് പുത്തരിക്കണ്ടത്തുതന്നെ വേദിയൊരുക്കേണ്ടിവന്നത്. കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത് ബി.െജ.പി.യുടെ പരിപാടി നടന്ന പ്രധാനവേദിയിലെ വീഡിയോവാളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
പ്രധാനവേദിയിൽ പ്രസംഗത്തിന്റെ പരിഭാഷ വ്യക്തമായി കേൾക്കാനാവുന്നില്ലെന്നു പറഞ്ഞ മോദി, തകരാർ പരിഹരിക്കാൻ മൈക്കിന്റെ മുഴക്കം കുറയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.
